
കണ്ണൂര്‍: ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറാണു മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരേ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്.
ആദിത്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമേറ്റിരുന്നതായും കുടുംബം ആരോപിച്ചു. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്കു മാറ്റി.
ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് കഴിഞ്ഞ എട്ടിന് തലശേരിയില്‍ വച്ച് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം അമ്മയോടും ബന്ധുക്കളോടും ആദിത്യ പറഞ്ഞിരുന്നു. ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആത്മഹത്യാശ്രമം നടത്താന്‍ കാരണം അതാണെന്നുമാണ് ചികിത്സയിലിരിക്കെ ആദിത്യ പറഞ്ഞത്.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആദിത്യയുടെ മൃതദേഹം സംസ്കരിച്ചു.
ആദിത്യയുടെ സുഹൃത്ത് ശരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ശരൺ മർദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു മാതാവ് പി.പി.ഉദയ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ 8ന് തലശ്ശേരി ബസ് സ്റ്റാൻഡിൽവച്ച് ശരൺ അടിച്ചുപരുക്കേൽപിച്ചെന്നായിരുന്നു പരാതി.
യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും യുവതിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. 10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാൽ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ വീട്ടുകാരറിയാതെയാണു സൗഹൃദത്തിലായതെന്നും ശരൺ മൊഴി നല്‍കിയിട്ടുണ്ട്.






