
ഭക്ഷണത്തിനായി നമ്മൾ ഓരോരുത്തരും എത്രത്തോളം പണം ചിലവഴിക്കുന്നുണ്ടെന്ന് കൃത്യമായി ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് നഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ, ഗുരുഗ്രാമിൽ ഒരു പിജി (Paying Guest) താമസക്കാരിയായ യുവതി, കഴിഞ്ഞ മൂന്ന് മാസമായി താൻ ഭക്ഷണത്തിനായി ചിലവാക്കുന്ന ഓരോ രൂപയും കൃത്യമായി രേഖപ്പെടുത്താൻ തീരുമാനിച്ചു. മൂന്ന് മാസത്തെ കണക്കുകൾ കൂട്ടിനോക്കിയപ്പോൾ ലഭിച്ച ആകെ തുക കണ്ട് അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
തന്റെ ഈ അനുഭവത്തെക്കുറിച്ച് റെഡ്ഡിറ്റിലെ ഒരു പേജിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. മൂന്ന് മാസം കൊണ്ട് ഭക്ഷണത്തിനായി മാത്രം 35,400 രൂപയാണ് ഈ യുവതിക്ക് ചിലവായത്. ഇതിൽ ആദ്യത്തെ മാസം 11,400 രൂപയും, രണ്ടാമത്തെ മാസം 13,200 രൂപയും, മൂന്നാമത്തെ മാസം 10,800 രൂപയുമാണ് ചിലവ് വന്നത്. സൊമാറ്റോ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയുള്ള ഓർഡറുകളും, പിജിക്ക് സമീപമുള്ള റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണവുമാണ് ഈ വലിയ തുകയ്ക്ക് കാരണമായത്.
പണച്ചിലവിനേക്കാൾ ഉപരിയായി യുവതിയെ അലട്ടിയത് മറ്റൊരു കാര്യമായിരുന്നു. ഇത്രയധികം പണം ചിലവാക്കി ഭക്ഷണം വാങ്ങി കഴിച്ചിട്ടും, മാനസികമായോ ശാരീരികമായോ തനിക്ക് ഒരു തൃപ്തിയും ലഭിച്ചില്ല എന്ന് യുവതി തുറന്നുപറയുന്നു. ജോലിയുടെ തിരക്കുകൾക്കിടയിൽ മൊബൈൽ സ്ക്രീനുകളിൽ നോക്കിക്കൊണ്ട് യാന്ത്രികമായി ഭക്ഷണം ഓർഡർ ചെയ്യുന്നതും കഴിക്കുന്നതും ഒരു ശീലമായി മാറിയെന്നും, എന്നാൽ ഇതൊന്നും ഒരു സന്തോഷവും നൽകിയില്ലെന്നും അവർ കുറിച്ചു. മെട്രോ നഗരങ്ങളിലെ പല യുവാക്കളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്.
ഈ സോഷ്യൽ മീഡിയ പോസ്റ്റ് വളരെ പെട്ടെന്നാണ് ഇന്റർനെറ്റിൽ വൈറലായത്. മെട്രോ നഗരങ്ങളിലെ ജീവിതച്ചിലവുകളെക്കുറിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഇത് വഴിതുറന്നത്. ചിലർ യുവതിയുടെ ചിലവ് സാധാരണമാണെന്നും, ദീർഘനേരത്തെ ജോലിക്ക് ശേഷം പാചകം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ സമയ ലാഭത്തിനായി പണം ചിലവാക്കുന്നതിൽ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു പ്രാദേശിക പാചകക്കാരനെ ജോലിക്ക് നിർത്തുന്നതോ അല്ലെങ്കിൽ വീട്ടിൽ തന്നെ ലളിതമായി പാചകം ചെയ്യുന്നതോ ആണ് ആരോഗ്യത്തിനും പോക്കറ്റിനും നല്ലതെന്നാണ് ഭൂരിഭാഗം ആളുകളും ഉപദേശിക്കുന്നത്.






