
തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. വയനാട് യൂണിയനുമായി ബന്ധപ്പെട്ട 10 ലക്ഷത്തിന്റെ തട്ടിപ്പിൽ അന്വേഷണം പൂർത്തിയായതായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാത്തതിൽ കോടതി കടുത്ത അതൃപ്തി വെളിവാക്കിയിരുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോര്‍ട്ട് നൽകണം അല്ലെങ്കിൽ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്കി. അന്വേഷണോദ്യഗസ്ഥനെ വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച് ആവശ്യമെങ്കിൽ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും പറഞ്ഞു.
എസ്എൻഡിപി യോഗത്തിന്റെ കീഴിലുള്ള സ്വയംസഹായ സംഘങ്ങളിലെ പാവപ്പെട്ട വനിതകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാനായി പിന്നാക്ക സമുദായ വികസന കോർപ്പറേഷനിൽ നിന്നും അനുവദിച്ച കോടിക്കണക്കിന് രൂപ വ്യാജ പേരുകളിലും അക്കൗണ്ടുകളിലും വകമാറ്റി ചെലവഴിച്ചു എന്നതാണ് മൈക്രോഫിനാൻസ് കേസിലെ പ്രധാന ആരോപണം. 2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്.






