
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ 'എയർഫോഴ്സ് വണ്ണി'ന്റെ പുതിയ പതിപ്പ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. ഖത്തർ അമീർ സമ്മാനമായി നൽകിയ ബോയിംഗ് 747 ജംബോ ജെറ്റ് വിമാനമാണ് പ്രസിഡന്റിന്റെ യാത്രകൾക്കായി അതിനൂതന സൗകര്യങ്ങളോടെ മാറ്റിരൂപകൽപ്പന ചെയ്തത്. മെരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഈ 'പറക്കുന്ന വൈറ്റ് ഹൗസ്' രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്.
ബോയിംഗിൽ നിന്നുള്ള പുതിയ അത്യാധുനിക വിമാനങ്ങൾ എത്തുന്നതുവരെയുള്ള താൽക്കാലിക സംവിധാനമായാണ് ഇത് ഉപയോഗിക്കുക. 1990-കൾ മുതൽ സർവീസ് നടത്തുന്ന നിലവിലെ വിമാനങ്ങളുടെ യാത്രാ സമ്മർദ്ദം കുറയ്ക്കാൻ പുതിയ വിമാനത്തിന് സാധിക്കുമെന്ന് യുഎസ് വ്യോമസേന അറിയിച്ചു. വിമാനത്തിന്റെ ആഡംബര സൗകര്യങ്ങളെ ട്രംപ് വാനോളം പുകഴ്ത്തി. വിമാനത്തിന്റെ നിറങ്ങളും ഡിസൈനും തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരും ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആഡംബരത്തോടെയുള്ള ഒരു പറക്കുന്ന വൈറ്റ് ഹൗസ് ആയി ഈ വിമാനത്തെ മാറ്റിയിരിക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തടിയുടെയും മറ്റ് സാമഗ്രികളുടെയും എഞ്ചിനുകളുടെയും ഗുണനിലവാരം നേരിട്ട് കണ്ടാൽ നിങ്ങൾക്ക് വിശ്വസിക്കാനാകില്ല. ലണ്ടനിലോ ജർമ്മനിയിലോ ഒക്കെ നമ്മൾ ഇനി ചെന്നിറങ്ങുമ്പോൾ ഇതിനെ വെല്ലാൻ മറ്റൊന്നുണ്ടാകില്ല. നമ്മുടെ രാജ്യത്തിന് ഇതാണ് ആവശ്യം എന്നും പുതിയ വിമാനത്തെ പുകഴ്ത്തി ട്രംപ് പറഞ്ഞു. വിമാനം സമ്മാനിച്ച ഖത്തർ അമീറിന് ട്രംപ് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷമാണ് ഖത്തറിൽ നിന്നും അമേരിക്ക ഈ ആഡംബര വിമാനം സ്വീകരിച്ചത്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇത്തരം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് യുഎസ് പ്രസിഡന്റുമാർക്കുള്ള കർശനമായ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ട്രംപിന്റെ കുടുംബ ബിസിനസുകളും ഔദ്യോഗിക പദവിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർന്നു.
എന്നാൽ, ഈ വിമാനം സ്വീകരിക്കുന്നതിലൂടെ അമേരിക്കൻ നികുതിപ്പണം ലാഭിക്കാൻ സാധിക്കുമെന്നും പൂർണ്ണമായും സൌജന്യമായാണ് വിമാനം ലഭിച്ചതെന്നുമാണ് ട്രംപ് ഇതിനെ ന്യായീകരിച്ച് പറഞ്ഞത്. വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 400 മില്യൺ ഡോളറിൽ താഴെ മാത്രമാണ് ചിലവഴിച്ചതെന്ന് വ്യോമസേനയും വ്യക്തമാക്കി
യുഎസ് വ്യോമസേനയുടെ 'പ്രസിഡൻഷ്യൽ എയർലിഫ്റ്റ് ഗ്രൂപ്പിന്റെ' കീഴിലെത്തിയ വിമാനം ഇനി 'കമ്മീഷനിംഗ് ഫ്ലൈറ്റുകൾക്ക്' (പരീക്ഷണ പറക്കലുകൾ) വിധേയമാകും. വിമാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ 'അവസാന പരീക്ഷണം' എന്നാണ് വ്യോമസേന ഇതിനെ വിശേഷിപ്പിച്ചത്. ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വിമാനം ഔദ്യോഗികമായി സർവീസിന്റെ ഭാഗമാകും.






