
തിരുവനന്തപുരം: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി റെയിൽവേ. നിലവിലെ കുറഞ്ഞ പിഴയായ 250 രൂപ ഇരട്ടിയാക്കി 500 രൂപയാക്കാൻ തീരുമാനിച്ചു. പുതിയ പിഴനിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ യാത്രാനിരക്കിനൊപ്പം 500 രൂപ അധിക പിഴയും അടയ്‌ക്കേണ്ടിവരും.
വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷ യാത്രക്കാർക്ക് 500 രൂപ മുതൽ 2,500 രൂപ വരെ പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ലൈസൻസില്ലാതെ കച്ചവടം നടത്തുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്യുന്നവർക്ക് 2,000 രൂപ പിഴ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് തടവും നേരിടേണ്ടിവരും.
ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1,000 രൂപ വരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകളും ഏർപ്പെടുത്തും.
അതേസമയം, അപകടകരമായ വസ്തുക്കൾ കൈവശം വച്ച് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്നതാണ്. യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് റെയിൽവേ പുതിയ പിഴനിരക്കുകൾ നടപ്പാക്കുന്നത്.






