
കോട്ടയം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് നൽകിയതെന്ന് ആശുപത്രിയധികൃതർ വ്യക്തമാക്കി.
ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന 52 കാരി കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ പനിയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ബുധനാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടി. എബോള ബാധിത പ്രദേശത്തു നിന്ന് വന്നതിനാൽ ഇവരെ ആരോഗ്യവകുപ്പ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുൻകരുതൽ എന്ന നിലയിൽ ഐസലേഷൻ വാർഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
പകർച്ചവ്യാധി ബാധിത പ്രദേശത്ത് സന്ദർശനം നടത്തി മടങ്ങുന്നവർക്ക് അസ്വാഭാവികത അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും പ്രാദേശികമായി ആരോഗ്യവകുപ്പ് അധികൃതർക്ക് വിവരം നൽകണമെന്നും കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട്. ഇത്തരം സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇവരെ ആശുപത്രിയിലാക്കിയത്.






