
ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറിയെ തള്ളിപ്പറയുന്നവന്റെ അഡ്രസ് കാണില്ലെന്ന് ജി. സുകുമാരൻ നായർ. കെ.ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്. ഗണേഷ് കുമാർ ജനറൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞില്ലേ എന്ന ചോദ്യത്തോടാണ് രൂക്ഷമായ പ്രതികരണം ഉണ്ടായത്.
ഗണേഷിന്റെ കാലാവധി കഴിഞ്ഞതിനാൽ അംഗത്വം പുതുക്കിയില്ല. ഗണേഷിനെ പിന്തുണച്ചു എന്ന് പറയുന്ന 12 പേരും നിലവിൽ കമ്മിറ്റിയിൽ ഇല്ലാത്തവരാണ്. ഡയറക്ടർ ബോർഡിൽ അംഗമാകാൻ കാലങ്ങളായി കാത്തിരിക്കുന്നവരുണ്ട്. അവർക്കും അവസരം നൽകണം. തീരുമാനം ജനാധിപത്യപരമായിരുന്നു. പരാതിയുള്ളവർക്ക് കേസുകൊടുക്കാം എന്നും സുകുമാരൻ നായർ പറഞ്ഞു.
ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയതോടെ സംഘടനയും കെ.ബി ഗണേഷ് കുമാറും തമ്മിലുള്ള അകൽച്ച പൂർത്തിയായി എന്നുവേണം കരുതാൻ. പത്തനാപുരത്ത് പദ്മ കഫേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് നേതൃത്വവും ഗണേഷ്കുമാറും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടർന്ന് താലൂക്ക് യൂണിയൻ പിരിച്ചുവിടുകയും ഗണേഷിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.






