
ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തിയത് ചർച്ചയാകുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റുമായി സംസാരിച്ചതിനെയാണ് തരൂർ അനുകൂലിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാൻ ബിജെപിക്ക് പുതിയ ആയുധം ലഭിച്ചിരിക്കുകയാണ്.
മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ട്രംപിനെ അറിയിച്ചതായി തരൂർ വെള്ളിയാഴ്ച പറഞ്ഞു. യുദ്ധസമയത്ത് സിവിലിയൻ നാവികരെ ലക്ഷ്യമിടരുതെന്നും അവർ സൈനികരല്ലെന്നുമുള്ള സന്ദേശമാണ് മോദി കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിയുടെ വേദിയിലായിരുന്നു മോദി-ട്രംപ് ഉഭയകക്ഷി കൂടിക്കാഴ്ച.
നേരത്തെ, ഒമാൻ ഉൾക്കടലിൽ യുഎസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി മോദി മൗനം പാലിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വാഷിംഗ്ടണിൽ നിന്ന് ഒരു ഖേദപ്രകടനമോ മാപ്പോ ചോദിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ തരൂരിന്റെ പ്രസ്താവന പുറത്തുവന്നതോടെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ബിജെപി ശക്തമായി രംഗത്തെത്തി.
"ശശി തരൂർ രാഹുൽ ഗാന്ധിയുടെ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തെ പുകഴ്ത്തുന്നു! ഇന്ത്യയുടെ ദേശീയ താൽപ്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി മോദിയാണ് മുൻപിൽ. എന്നാൽ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി സംസാരിക്കുന്നതിൽ രാഹുൽ ഗാന്ധി എല്ലാവരെക്കാളും മുന്നിലാണ്." ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നാവികരായി ജോലി ചെയ്യുന്നതെന്നും അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. 16 മാസങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിയെ 'കരുത്തനായ ചർച്ചക്കാരൻ' എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.






