
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പവൻരാജെ നിംബാൽക്കർ 2006-ൽ കൊല്ലപ്പെട്ട കേസിൽ മുൻ എൻസിപി എം.പിയും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ പദംസിൻഹ് പാട്ടീൽ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കൊലപാതക കേസിൽ, 20 വർഷം നീണ്ട നിയമപോരാട്ടത്തിനും 128 സാക്ഷികളെ വിസ്തരിച്ചതിനും ശേഷമാണ് ശനിയാഴ്ച കോടതി വിധി പ്രസ്താവിച്ചത്.
അഡീഷണൽ സെഷൻസ് ജഡ്ജി സത്യനാരായണൻ നാവന്ദർ അധ്യക്ഷനായ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയിരുന്നു എന്നാണ് സിബിഐയുടെ വാദം.
2006 ജൂൺ 3-നാണ് ഒസ്മാനാബാദിലെ (നിലവിൽ ധാരാശിവ്) പ്രമുഖ നേതാവായിരുന്ന പവൻരാജെ നിംബാൽക്കറും (41) അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് കാസിയും നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് വെടിയേറ്റു മരിച്ചത്. മുംബൈയിൽ നിന്ന് ഒസ്മാനാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ രണ്ട് വാടകക്കൊലയാളികൾ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. തുടക്കത്തിൽ നവി മുംബൈ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിലും, അന്വേഷണത്തിൽ തൃപ്തരല്ലാത്ത നിംബാൽക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
2009-ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നിംബാൽക്കറുടെ ബന്ധു കൂടിയായ പദംസിൻഹ് പാട്ടീലാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനെന്ന് ആരോപിച്ചിരുന്നു. ഒസ്മാനാബാദ് ജില്ലയിൽ നിംബാൽക്കർക്കുണ്ടായ രാഷ്ട്രീയ ജനപ്രീതി തന്റെ സ്വാധീനത്തിന് ഭീഷണിയാകുമെന്ന് കരുതി പദംസിൻഹ് പാട്ടീൽ 30 ലക്ഷം രൂപ ക്വട്ടേഷൻ നൽകി നിംബാൽക്കറെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. തേർണ ഷുഗർ ഫാക്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
2011-ൽ ആരംഭിച്ച വിചാരണയിൽ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഉൾപ്പെടെയുള്ളവർ സാക്ഷികളായി എത്തിയിരുന്നു. പവൻരാജെ നിംബാൽക്കറെ വധിക്കാൻ ക്വട്ടേഷൻ എടുത്ത സംഘത്തിന് തന്നെ വധിക്കാനും പാട്ടീൽ കരാർ നൽകിയിരുന്നു എന്ന് കേസിൽ പിന്നീട് മാപ്പുസാക്ഷിയായ പരസ്മൽ ജെയിൻ വെളിപ്പെടുത്തിയതിനെ തുടർന്നാണ് അണ്ണാ ഹസാരെയെ കേസിൽ സാക്ഷിയാക്കിയത്. പാട്ടീലിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടായിരുന്നതായി ഹസാരെ കോടതിയിൽ മൊഴി നൽകിയിരുന്നു.
പദംസിൻഹ് പാട്ടീലിനെ കൂടാതെ ലാത്തൂർ സ്വദേശിയായ വ്യവസായി സതീഷ് മന്ദാഡെ, മുൻ ബിജെപി കോർപ്പറേറ്റർ മോഹൻ ശുക്ല, ശശികാന്ത് കുൽക്കർണി, കൈലാഷ് യാദവ്, വെടിയുതിർത്തുവെന്ന് ആരോപിക്കപ്പെട്ട ദിനേഷ് തിവാരി, പിന്റു സിംഗ്, ഛോട്ടെ പാണ്ഡെ എന്നിവരെയാണ് കോടതി ഇപ്പോൾ വെറുതെവിട്ടിരിക്കുന്നത്. പവൻരാജെ നിംബാൽക്കറുടെ മകൻ ഓംരാജെ നിംബാൽക്കർ നിലവിൽ ശിവസേന (ഉദ്ധവ് വിഭാഗം) എം.പിയാണ്.






