
ന്യൂഡൽഹി: സീറ്റ് തർക്കത്തെച്ചൊല്ലി ഡൽഹി ഷഹ്ദാര റെയിൽവേ സ്റ്റേഷനിൽ യുവാവിനെ സഹയാത്രികർ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ പങ്കജ് ധാമാ (32) ആണ് ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. ശനിയാഴ്ച കിഴക്കൻ ഡൽഹിയിലെ ഷഹ്ദാര റെയിൽവേ സ്റ്റേഷനിൽ യോഗ എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെയായിരുന്നു സംഭവം.
റെയിൽവേ പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് യാത്രക്കാർ തമ്മിൽ വൻ സംഘർഷമുണ്ടായത്. ട്രെയിനിലെ വലിയ തിരക്കിനിടയിൽ സീറ്റിനെച്ചൊല്ലിയും ട്രെയിനിൽ കയറുന്നതിനെച്ചൊല്ലിയും പങ്കജും മറ്റ് ചില യാത്രക്കാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രതികൾ പങ്കജിനെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പങ്കജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തതായും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.






