
അജ്മീർ: വീണ്ടും നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന് അവകാശവാദം. ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ വിഡിയോ കോളിൽ ചോദ്യപേപ്പർ കാണിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ അജ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥികളെ വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് ശ്രമമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീഡിയോ കോളിൽ വന്ന അജ്ഞാതൻ 30,000 രൂപയാണ് ആവശ്യപ്പെട്ടത്. ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ കൃഷ്ണ സിംഗ് താക്കൂർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഇന്ന് പരീക്ഷ എഴുതാനിരുന്ന ഒന്നാം വർഷ ഡിഎവി കോളേജ് വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നത്. ചോദ്യപേപ്പർ ഉണ്ടെന്ന് അവകാശപ്പെട്ട വ്യക്തി, തെളിവ് ചോദിച്ചപ്പോൾ വിഡിയോ കോളിലൂടെ പേപ്പർ കാണിച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ഇതേ നമ്പറിൽ നിന്ന് കൃഷ്ണ സിംഗ് താക്കൂറിനും കോൾ ലഭിച്ചു. 30,000 രൂപയ്ക്ക് ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞയാൾ പണം അയക്കേണ്ട ഓൺലൈൻ നമ്പറും പങ്കുവെച്ചു. ഈ സംഭാഷണത്തിന്റെ റെക്കോർഡ് ചെയ്ത ഓഡിയോ പോലീസിന് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും വിഡിയോ കോളിൽ കാണിച്ച ചോദ്യപേപ്പറിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയാണെന്നും അഡീഷണൽ എസ്.പി ഹിമാൻഷു ജാഗിദ് അറിയിച്ചു.






