
ന്യൂഡൽഹി: "ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഇന്ത്യയെയാണ്," ജർമ്മൻ എഴുത്തുകാരി മരിയ വിർത്ത് തന്റെ എക്സ് ഹാൻഡിലിൽ കുറിച്ച ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുപ്പത് വർഷത്തോളം ജർമ്മനിയിൽ ജീവിക്കുകയും, ലോകമെമ്പാടുമുള്ള നാല്പതോളം രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്ത മരിയയ്ക്ക് മറ്റൊരു രാജ്യവും നൽകാത്ത വൈകാരികമായ അനുഭവമാണ് ഇന്ത്യ സമ്മാനിച്ചത്.
തന്റെ ആദ്യ സന്ദർശനത്തിൽ ബഹളമയമായ ഇന്ത്യയെ വെറുത്താണ് മരിയ മടങ്ങിയത്. എന്നാൽ, രണ്ടാമത്തെ സന്ദർശനം അവരുടെ ജീവിതമാകെ മാറ്റിമറിച്ചു. ഇവിടുത്തെ ആത്മീയതയിൽ ലയിച്ച് 45 വർഷമായി ഇവിടെത്തന്നെ തുടരുന്ന മരിയയുടെ കഥ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ജർമ്മനിയിൽ ജനിച്ച് വളർന്ന മരിയ, ഹാംബർഗ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ശേഷമാണ് ലോകം ചുറ്റാനിറങ്ങുന്നത്. 1980-ൽ ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മരിയ ഒരു ചെറിയ സ്റ്റോപ്പ് ഓവറിനായി ആദ്യമായി ഇന്ത്യയിലെത്തുന്നത്.
യഥാർത്ഥത്തിൽ ആദ്യ സന്ദർശനത്തിൽ മരിയയ്ക്ക് ഇന്ത്യയോട് ഒട്ടും താല്പര്യം തോന്നിയിരുന്നില്ല. ബഹളങ്ങളും മോശം ആരോഗ്യസ്ഥിതിയും കാരണം "ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ല" എന്ന് പറഞ്ഞാണ് അവർ അന്ന് ജർമ്മനിയിലേക്ക് മടങ്ങിയത്. എന്നാൽ രണ്ടാം തവണ ഇന്ത്യയിലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്ത്യയുടെ ആഴത്തിലുള്ള ജ്ഞാനവും ആത്മീയ സംസ്കാരവും അവർ തിരിച്ചറിഞ്ഞു. ആനന്ദമയി മാ, ദേവ്രഹ ബാബ തുടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ജീവിതവും ആശയങ്ങളും മരിയയുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിച്ചു.
"ആദ്യ കാഴ്ചയിൽ തോന്നിയ പ്രണയമായിരുന്നില്ല ഇത്. ഇന്ത്യയുടെ ബഹളങ്ങൾക്കും വെല്ലുവിളികൾക്കും അടിത്തട്ടിലുള്ള യഥാർത്ഥ നിധി തിരിച്ചറിയാൻ എനിക്ക് രണ്ടാമതൊരു യാത്ര കൂടി വേണ്ടിവന്നു." - മരിയ ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ആത്മീയതയെയും സംസ്കാരത്തെയും കുറിച്ച് എഴുതുന്ന പ്രമുഖ കോളമിസ്റ്റാണ് മരിയ വിർത്ത്.
ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലാണ് വളർന്നതെങ്കിലും, ഹൈന്ദവ തത്ത്വചിന്തകളിലെ യുക്തിയും ആത്മീയതയുമാണ് തന്നെ ആകർഷിച്ചതെന്ന് മരിയ വ്യക്തമാക്കുന്നു. ബ്രഹ്മം, ആത്മാവ്, കർമ്മം, ആത്മസാക്ഷാത്കാരം തുടങ്ങിയ ആശയങ്ങൾ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ധാരണകളോട് ചേർന്നുനിൽക്കുന്നവയായിരുന്നു. ഹൈന്ദവ പാരമ്പര്യം അവരെ ഏറെ സ്വാധീനിച്ചു. തുടർന്ന് ധ്യാനം, യോഗ, സസ്യാഹാരം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയ അവർ ഇന്ത്യയിലെ ആശ്രമങ്ങളിൽ 20 വർഷത്തോളം ലളിത ജീവിതം നയിച്ചു.
ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിന് പിന്നിലും നാമവും രൂപവുമില്ലാത്ത, ശാശ്വതമായ ഒരു 'യഥാർത്ഥ സാന്നിധ്യം' ഉണ്ടെന്ന ഭാരതീയ ചിന്തയെ ആധുനിക ന്യൂക്ലിയർ ഫിസിക്സ് പോലും ശരിവെയ്ക്കുന്നുണ്ടെന്ന് മരിയ പറയുന്നു. ആ സാന്നിധ്യത്തെ കണ്ടെത്തുകയാണ് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നും അവർ വിശ്വസിക്കുന്നു. എല്ലാ രാജ്യങ്ങളിലും നല്ലവരും ചീത്തയുമായ മനുഷ്യരുണ്ടാകാം, എന്നാൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ജ്ഞാനികളായ മനുഷ്യരാണെന്നും അതുകൊണ്ടാണ് ഇന്ത്യയെ താൻ 'വെളിച്ചത്തിന്റെ നാട്' എന്ന് വിളിക്കുന്നതെന്നും മരിയ കൂട്ടിച്ചേർത്തു.






