
കൊൽക്കത്ത: തദ്ദേശീയമായി നിർമ്മിച്ച മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ചു. ഐഎൻഎസ് ദുനഗിരി (INS Dunagiri), ഐഎൻഎസ് അഗ്രേ (INS Agray), ഐഎൻഎസ് സംശോധക് (INS Sanshodhak) എന്നിവയാണ് നാവികസേനയുടെ ഭാഗമായത്. 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് കീഴിൽ കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തത അടിവരയിടുന്നതാണ് ഈ നേട്ടം. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (GRSE) ആണ് നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയുമായി സഹകരിച്ച് ഈ കപ്പലുകൾ നിർമ്മിച്ചത്. ഇവയിൽ 75 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രോജക്റ്റ് 17എ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് (ആക്രമണ യുദ്ധക്കപ്പൽ) ആണ് ഐഎൻഎസ് ദുനഗിരി. ശത്രുക്കളുടെ റഡാറുകളിൽ പെടാത്ത ഡിസൈനുള്ള ഈ കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും, എംആർഎസ്എഎം വ്യോമ പ്രതിരോധ മിസൈൽ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.
സർവേ വെസൽ ലാർജ് വിഭാഗത്തിലെ നാലാമത്തെ വലിയ കപ്പലാണ് ഐഎൻഎസ് സംശോധക്. കടലിന്റെ അടിത്തട്ട് മാപ്പ് ചെയ്യാനും ഹൈഡ്രോഗ്രാഫിക്, ജിയോഫിസിക്കൽ വിവരങ്ങൾ ശേഖരിക്കാനും ഇത് സഹായിക്കും. സ്വയം നിയന്ത്രിത അണ്ടർവാട്ടർ വാഹനങ്ങളും, റിമോട്ട് കൺട്രോൾഡ് വാഹനങ്ങളും ഇതിലുണ്ട്. ദുരന്തസമയങ്ങളിൽ താൽക്കാലിക മെഡിക്കൽ സപ്പോർട്ട് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനും ഇതിന് കഴിയും
ആഴം കുറഞ്ഞ തീരദേശ മേഖലകളിൽ ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആന്റി-സബ്മറൈൻ യുദ്ധക്കപ്പലാണ് ഐഎൻഎസ് അഗ്രേ. ലൈറ്റ് വെയ്റ്റ് ടോർപ്പിഡോകളും, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകളും, അത്യാധുനിക സോണാർ സംവിധാനങ്ങളും ഇതിലുണ്ട്. മൈനുകൾ വിന്യസിക്കാനും ഇതിന് ശേഷിയുണ്ട്
കമ്മീഷനിംഗ് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014-ൽ 40,000 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം ഇന്ന് ഏകദേശം 1.8 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് വ്യക്തമാക്കി. അതുപോലെ 700 കോടി രൂപ മാത്രമായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോൾ 40,000 കോടി രൂപയ്ക്ക് അടുത്തായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.






