
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദത്തിലേക്ക് പാർട്ടിയിൽ വലിയൊരു വടംവലി നടക്കുമെന്ന സൂചനയുമായി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തുവന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാൻഡിനു കത്തയച്ചു. തന്റെ കഴിവും പ്രവർത്തന പാരമ്പര്യവും പരിഗണിക്കണമെന്നാണ് ആവശ്യം.
ഇപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ പിആർ വർക്കുകകൾ നടത്തുന്നവരുടേതാണ്. സംഘടനയെ വളർത്താൻ അവർക്ക് താല്പര്യമില്ല. അധ‍്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അർഹതയും യോഗ‍്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം. ഉയര്‍ന്നുവന്നിട്ടുള്ള പേരുകളില്‍ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും കഴിവുകൊണ്ടും ആരാണ് യോഗ്യനെന്ന് അളവുകോല്‍ വെച്ച് അളക്കണം. അങ്ങനെ അളന്നാല്‍ ആ സ്ഥാനത്ത് നിന്നും എന്നെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
1978 മുതലുള്ള തന്റെ പ്രവര്‍ത്തന പാരമ്പര്യം പരിഗണിക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. ജാതി സമവാക്യങ്ങള്‍ നോക്കി അധ്യക്ഷനെ തിരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.
ഒരുകാലത്ത് താന്‍ കെ കരുണാകരന്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് ആയിരുന്നു. ഗ്രൂപ്പ് ആര്‍ക്കുവേണ്ടിയാണെന്നും എന്തിനുവേണ്ടിയാണെന്നും നന്നായിട്ട് അറിയാം. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ത്തത് അമിതമായ ഗ്രൂപ്പ് മത്സരങ്ങളാണ്. തനിക്ക് ഗ്രൂപ്പിന്റെ ഒരു പരിഗണനയും ആവശ്യമില്ല എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.






