
ന്യൂയോർക്ക്: ന്യൂയോർക്കിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികൾ ലൈംഗികവും ശാരീരികവുമായ ക്രൂര പീഡനങ്ങൾക്ക് ഇരയായതായി നടുക്കുന്ന വെളിപ്പെടുത്തൽ. നിലവിൽ അടച്ചുപൂട്ടിയിരിക്കുന്ന 'ഫാമിലി ഫൗണ്ടേഷൻ സ്കൂളിലെ' ഒരു മുൻ വിദ്യാർത്ഥി സ്കൂൾ അധികൃതർക്കെതിരെ കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം മാധ്യമശ്രദ്ധയിൽപ്പെട്ടത്.
വിദ്യാർത്ഥികളെ നഗ്നരാക്കി പരിശോധിക്കുക, സ്വന്തമായി കുഴിമാടം തോണ്ടിക്കുക, സ്വന്തം ഛർദ്ദിക്കുന്നത് നിർബന്ധിച്ച് തീറ്റിക്കുക തുടങ്ങി അതിക്രൂരമായ കാര്യങ്ങളാണ് മുൻ വിദ്യാർത്ഥി കോടതിയിൽ സമർപ്പിച്ച 10 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം അവശ്യപ്പെടുന്ന (ഏകദേശം 83 കോടിയിലധികം രൂപ) ഹർജിയിൽ വിവരിക്കുന്നത് .
വടക്കൻ ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്വകാര്യ ബോർഡിംഗ് സ്കൂൾ 2014 ൽ ആണ് അടച്ചുപൂട്ടിയത്. പ്രതിവർഷം 80,000 ഡോളർ അതായത് ഏകദേശം 75.50 ലക്ഷം രൂപ വരെ ഫീസ് വാങ്ങിയാണ് ഇവിടെ കുട്ടികളെ താമസിപ്പിച്ചിരുന്നത്.
മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടികളുടെ നിയമപരമായ രക്ഷിതാക്കളുടെ പദവി വരെ സ്കൂൾ ഉടമകൾ കൈക്കലാക്കിയിരുന്നു. സ്കൂളിൽ നിലനിന്നിരുന്ന മൃഗീയമായ ശിക്ഷാ രീതികളെക്കുറിച്ചും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളെ കെ9 സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച് തിരികെ കൊണ്ടുവരുമായിരുന്നു. ചില കുട്ടികളെ പരവതാനികളിൽ മുറുക്കെ ചുരുട്ടി ഡക്ട് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വെക്കുന്ന ശിക്ഷയും നിലനിന്നിരുന്നു.
2000 മുതൽ 2003 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ച വിദ്യാർത്ഥിയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ലൈംഗിക സ്വഭാവമുള്ള ഗ്രൂപ്പ് സെഷനുകൾ നടന്നിരുന്നുവെന്നും, ടൊറന്റോയിലേക്ക് നടത്തിയ ഒരു സ്കൂൾ യാത്രയ്ക്കിടെ മ്യൂസിക് അധ്യാപകനായ പോൾ ഗീർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും ഹർജിയിൽ പറയുന്നു. ഈ അധ്യാപകനെതിരെയുള്ള കേസിൽ 2024-ൽ നടന്ന വിചാരണയിൽ ഇയാൾക്ക് 27 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പീഡനവിവരം സ്കൂൾ ഉടമയെ അറിയിച്ചെങ്കിലും ഇരയായ കുട്ടിക്ക് നേരെയായിരുന്നു പ്രതികാര നടപടിയുണ്ടായത്.
സ്കൂൾ ഉടമകളായ മൈക്കൽ അർഗീറോസ്, സിൻഡി അർഗീറോസ് എന്നിവരുടെ കുടുംബത്തിന് വേണ്ടി കുട്ടികളെക്കൊണ്ട് നിർബന്ധിതമായി അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു. തോട്ടത്തിൽ കിടങ്ങുകൾ വെട്ടുക, പന്നിത്തൊഴുത്തുകൾ വൃത്തിയാക്കുക, ഉടമകളുടെ ആഡംബര വീട്ടിലെ നിർമ്മാണ ജോലികൾ ചെയ്യുക, അവർക്ക് ഭക്ഷണം പാകം ചെയ്യുക എന്നിവ കുട്ടികളുടെ നിർബന്ധിത ജോലികളായിരുന്നു.
സ്കൂളിലെ ഭൂരിഭാഗം അധ്യാപകർക്കും കൗൺസിലർമാർക്കും യാതൊരുവിധ പ്രൊഫഷണൽ യോഗ്യതയും ഉണ്ടായിരുന്നില്ല. മുൻപ് മദ്യാസക്തിക്ക് അടിമപ്പെട്ടവരും ലൈംഗിക വൈകൃതമുള്ളവരുമാണ് കുട്ടികളെ നിയന്ത്രിച്ചിരുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, സ്കൂളിൽ വച്ച് കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് സ്കൂൾ ഉടമയായ മൈക്കൽ അർഗീറോസ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നത്.






