
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വികാരാധീനനായി നടൻ മോഹൻലാൽ. സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടക്കുന്ന യോഗത്തിൽ ‘അമ്മ’യിൽ ആരുടെയും പക്ഷം ചേരില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
കടുത്ത പ്രതിസന്ധിയിലൂടെയാണ് സംഘടന ഇപ്പോൾ കടന്നുപോകുന്നതെന്നും, യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതുമാണ് റിപ്പോർട്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ മുൻനിര താരങ്ങളിൽ പ്രധാന സാന്നിധ്യമായി മോഹൻലാൽ പങ്കെടുത്തു. യോഗം ആരംഭിച്ചതോടെ തന്നെ നിലവിലെ ഭരണസമിതിയിൽ വിശ്വാസമില്ലെന്ന് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു.
ഇതിനിടെ പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചതോടെ യോഗം ശ്രദ്ധേയമായി. വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി 45 ദിവസത്തെ സമയം ആവശ്യമാണെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജനറൽ ബോഡി യോഗത്തിനിടെ വേദിയിലെത്തിയാണ് അവർ രാജി സന്നദ്ധത പ്രഖ്യാപിച്ചത്.
താൻ ബിജെപിയെയോ കോൺഗ്രസിനെയോ അനുകൂലിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും, താരങ്ങൾ സ്ഥാനാർഥികളായതുമായി തനിക്ക് ബന്ധമില്ലെന്നും ശ്വേത മേനോൻ വേദിയിൽ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.






