
സംവിധായകൻ അറ്റ്‌ലിക്ക് മനോഹരമായ ഫാദേഴ്‌സ് ഡേ ആശംസകളുമായി ഭാര്യ പ്രിയ അറ്റ്‌ലി. മക്കളായ മീറിന്റെയും മിയുവിന്റെയും പേരിൽ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രിയ ആശംസകൾ പങ്കുവെച്ചത്. അറ്റ്‌ലിയും മകൻ മീറും കറുത്ത പാന്റ്‌സ്യൂട്ട് ധരിച്ച് ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന സ്‌റ്റൈലിഷ് ചിത്രത്തോടൊപ്പമായിരുന്നു പ്രിയയുടെ പോസ്റ്റ്.
"ഹാപ്പി ഫാദേഴ്‌സ് ഡേ ഡാഡാ.. ഞങ്ങൾ നിങ്ങളെ അത്രമേൽ സ്‌നേഹിക്കുന്നു. നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, ഞങ്ങൾക്ക് നിങ്ങളെ ഓർത്ത് എപ്പോഴും ഒരുപാട് അഭിമാനമുണ്ട്. സ്‌നേഹത്തോടെ മീർ, മിയു, മമ്മ" - പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ വർഷം ഏപ്രിൽ 20-നാണ് അറ്റ്‌ലിക്കും പ്രിയയ്ക്കും രണ്ടാമത്തെ കൺമണിയായി ഒരു പെൺകുഞ്ഞ് പിറന്നത്. 'മിയു' എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2014-ലായിരുന്നു അറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് 9 വർഷങ്ങൾക്ക് ശേഷം, 2023 ജനുവരി 31-നാണ് ഇവർക്ക് ആദ്യത്തെ മകൻ മീർ ജനിക്കുന്നത്.
പ്രശസ്ത സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലി 'രാജറാണി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ദളപതി വിജയ്‌യെ നായകനാക്കി തെരി, മെർസൽ, ബിഗിൽ എന്നീ തുടർച്ചയായ മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചു. ഷാറുഖ് ഖാനെ നായകനാക്കി ഒരുക്കിയ 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.
നിലവിൽ അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘റാക്ക' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണദ്ദേഹം. ബോളിവുഡ് താരം ദീപിക പദുകോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.






