
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മവിഭൂഷൺ ജേതാക്കളായ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസും ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരുന്ന പി നാരായണനും ബഹുമതി ഏറ്റുവാങ്ങി.
പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയത്. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
മെയ് 25 ന് നടന്ന ഒന്നാം ഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ട് പേർ പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. എ. ഇ. മുത്തുനായകവും, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശ്രീമതി ദേവകിയമ്മയുമാണ് ആദ്യഘട്ടത്തിൽ ആദരമേറ്റുവാങ്ങിയത്. രണ്ട് ഘട്ടങ്ങളിലായി ഏഴ് മലയാളികളെയാണ് രാജ്യം ഇത്തവണ പത്മപുരസ്കാരങ്ങൾ നൽകി ആദരിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും രാജ്യസഭാംഗവുമായി ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭാര്യ രൂപി കിസ്‌കു ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പിന്നണി ഗായിക അല്‍ക യാഗ്നിക് പത്മഭൂഷണ്‍ പുരസ്‌കാരവും ഇന്ത്യയിലെ പ്രമുഖ സെനോഗ്രാഫറും സ്റ്റേജ് ഡിസൈനറും ശില്‍പിയുമായ നൂറുദ്ദീന്‍ അഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ തബല ആര്‍ട്ടിസ്റ്റായ തിരുവാരൂര്‍ ഭക്തവത്സലം, തെലങ്കാനയില്‍ നിന്നുള്ള ഡോ. കൃഷ്ണമൂര്‍ത്തി ബാലസുബ്രഹ്മണ്യം, ജമ്മു കശ്മീരില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ബ്രിജ് ലാല്‍ ഭട്ട്, പശ്ചിമ ബംഗാളില്‍ നിന്നുള്ള സംഗീതജ്ഞനായ തരുണ്‍ ഭട്ടാചാര്യ എന്നിവരും പത്മശ്രീ ഏറ്റുവാങ്ങി.






