
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി നോര്‍വേ. ഗ്രൂപ്പ് ഐയിലെ ആവേശകരമായ മത്സരത്തില്‍ സെനഗലിനെ 3-2 ന് തോല്‍പ്പിച്ച നോര്‍വേ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനവും ഉറപ്പിച്ചു.
ഒന്നാം പകുതിയുടെ 43-ാം മിനിറ്റില്‍ മാര്‍കസ് പെഡേഴ്സന് നേടിയ ഗോളിലൂടെയാണ് നോര്‍വേ ലീഡ് നേടിയത്. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ നോര്‍വേ നായകന് മാര്ട്ടിന് ഒഡെഗാഡിന്റെ പാസിനെ ഗോളാക്കി എര്‍ലിങ് ഹാളണ്ട് ലീഡ് ഇരട്ടിയാക്കി. 53-ാം മിനിറ്റില്‍ ഇസ്മായില സാര്‍ സെനഗലിനായി തിരിച്ചടിച്ചു.
58-ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും ലക്ഷ്യത്തിലെത്തി. ഇഞ്ചുറി ടൈമില്‍ ഇസ്മായില സാര്‍ തന്റെ രണ്ടാം ഗോളടിച്ചെങ്കിലും സെനഗലിനു സമനിലയിലേക്കെത്താനായില്ല. ഇരട്ട ഗോളോടെ ഹാളണ്ട് അപൂര്‍വ ലോകകപ്പ് റെക്കോഡും സ്വന്തമാക്കി. കന്നി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടോ അധികമോ ഗോളടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഹാളണ്ടിനായി. ഈ നേട്ടത്തില്‍ ആറാമനാണ് താരം.
അര്‍ജന്റീനയുടെ ഗുലിര്‍മോ സ്റ്റാബിന്, ഹംഗറിയുടെ സാന്‍ഡര്‍ കോസിസ്, പോളണ്ടിന്റെ ഗ്രെഗോഴ്സ് ലോട്ടോ, ഇംഗ്ലണ്ട് നായകന് ഹാരി കെയ്ന്‍ എന്നിവരാണു മുന്‍ഗാമികള്‍. ലോകകപ്പില്‍ രണ്ട് കളികളിലായി നാല് ഗോളുകള്‍ വീതം നേടിയ ഹാളണ്ടും എംബാപ്പെയും ടോപ് സ്കോറര്‍മാരില്‍ രണ്ടാമതാണ്. അഞ്ച് ഗോളടിച്ച ലയണല്‍ മെസിയാണ് ഒന്നാമത്.
ചരിത്രത്തിലാദ്യമായി നോക്കൗട്ടില്‍ കടന്നത് നോര്‍വേ ആഘോഷിച്ചത് പരമ്പരാഗത ശൈലിയിലാണ്്. പൂര്‍വികരായ വൈകിങ്ങുകളുടെ സമുദ്ര യാത്രയെ അനുസ്മരിപ്പിച്ച് താരങ്ങളും നോര്‍വേ ആരാധകരും ''കപ്പല്‍ തുഴഞ്ഞു''. നോര്‍വേ നായകന് മാര്ട്ടിന് ഒഡെഗാഡ് തുഴച്ചിലിന് ആവേശം പകരാന്‍ ഡ്രം സ്റ്റേഡിയത്തിലെത്തിച്ച് വായിച്ചു. 27 വര്‍ഷത്തിനു ശേഷമാണു നോര്‍വേ ലോകകപ്പില്‍ കളിക്കുന്നത്. ഡ്രമ്മിന്റെ താളത്തിനനുസരിച്ച് താരങ്ങള്‍ ''തുഴഞ്ഞു''.
സ്റ്റേഡിയത്തിലിരുന്ന നോര്‍വീജിയന്‍ ആരാധകരും ഒപ്പം കൂടി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വീക്കിങ്ങുകള് നടത്തിയ കടല്‍ യാത്രയെയാണ് അവര്‍ അനുസ്മരിച്ചത്. യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് 2016 ല്‍ മറ്റൊരു സ്കാന്ഡിനേവിയന് രാജ്യമായ ഐസ്ലന്ഡ് ''വൈകിങ് ക്ലാപ്'' അവതരിപ്പിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.




