
ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് ഇന്ത്യക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബംഗ്ലാദേശി വെയ്റ്ററെ ഇന്ത്യൻ വനിതാ വിനോദസഞ്ചാരികളുടെ ഒരു സംഘം ശക്തമായി നേരിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഖുഷി ദുബെ പങ്കുവെച്ച വീഡിയോയാണ് വൻ ഓൺലൈൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾ നേരിടുന്ന വിവേചനങ്ങളെയും വംശീയ അധിക്ഷേപങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കാണ് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അന്തസ്സിനായി ധീരമായി നിലകൊണ്ട യുവതികളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
റെസ്റ്റോറന്റിൽ വെച്ച് ഹൊസൈൻ എന്ന് പേരുള്ള വെയ്റ്ററുമായി യുവതികൾ സംസാരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തർക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, സംഭാഷണം പെട്ടെന്ന് തന്നെ വലിയ വാഗ്വാദത്തിലേക്ക് വഴിമാറുകയായിരുന്നു. തർക്കത്തിനിടയിൽ വെയ്റ്റർ അസഭ്യവർഷം നടത്തുകയും പോലീസിനെ വിളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. "സംസാരിക്കുമ്പോൾ മര്യാദ പാലിക്കണം, ഞങ്ങൾ സ്ത്രീകളാണ് എന്ന കാര്യം ഓർക്കണം" എന്ന് പറഞ്ഞ് യുവതികളിൽ ഒരാൾ വെയ്റ്ററുടെ മോശം പെരുമാറ്റത്തെ ഉടൻ തന്നെ ശക്തമായി എതിർത്തു.
എന്നാൽ തർക്കം മുറുകിയതോടെ വെയ്റ്റർ ഇന്ത്യയെയും ഇന്ത്യൻ ജനതയെയും അധിക്ഷേപിക്കുന്ന രീതിയിൽ വളരെ മോശം വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ യുവതികൾ കൂടുതൽ ശക്തമായി പ്രതികരിക്കുകയും തങ്ങളോട് മാത്രമല്ല, സ്ത്രീകളോടും രാജ്യത്തോടും ബഹുമാനം കാണിക്കാൻ പഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ വിവരമറിഞ്ഞ് ഇറ്റാലിയൻ പോലീസ് റെസ്റ്റോറന്റിലേക്ക് എത്തി ഇടപെട്ടു. പോലീസ് എത്തിയതോടെ തങ്ങൾക്ക് വലിയ ആശ്വാസമായെന്ന് ഖുഷി ദുബെ പിന്നീട് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് എത്തിയതിന് ശേഷം വെയ്റ്റർ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യയെ അധിക്ഷേപിച്ചതിന് കൃത്യമായി മാപ്പ് പറയണമെന്ന് യുവതികൾ നിർബന്ധം പിടിച്ചു. ഒടുവിൽ "ഇന്ത്യയെ അധിക്ഷേപിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു" എന്ന് വെയ്റ്ററെക്കൊണ്ട് വിഡിയോയിൽ പറയിപ്പിക്കാൻ ഇവർക്ക് സാധിച്ചു. വിഡിയോ വൈറലായതോടെ വലിയ പിന്തുണയാണ് ഈ സുഹൃത്തുക്കളുടെ സംഘത്തിന് ലഭിക്കുന്നത്. രാജ്യത്തിന്റെ അഭിമാനത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ യുവതികളെ യഥാർത്ഥ ദേശസ്നേഹികളെന്ന് വിശേഷിപ്പിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിക്കുന്നത്.






