
ഓട്ടോഇമ്മ്യൂണ്‍ രോഗവുമായുളള പോരാട്ടത്തിലാണ് താനെന്ന് വെളിപ്പെടുത്തി നടനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. തന്റെ പുതിയ ചിത്രമായ ഗാട്ട ഗുസ്തി 2 റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് നടന്റെ തുറന്നുപറിച്ചില്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
‘എല്ലാവര്‍ക്കും നമസ്‌കാരം , ആദ്യമായി നിങ്ങളുടെ കമന്റുകളിലൂടെയും മെസ്സേജുകളിലൂടെയും നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഇത് എനിക്ക് ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ഇത് നിങ്ങളുമായി നേരിട്ട് പങ്കിടണം എന്ന് ഞാന ആഗ്രഹിച്ചതും. കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ മുഖം വളരെ ക്ഷീണിതനായി കാണപ്പെടുന്നു എന്ന് നിങ്ങളില്‍ പലരും ശ്രദ്ധിച്ചിരുന്നു. അതിനുളള കാരണം, കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി ഞാന്‍ ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി ഞാന്‍ ഇടയ്ക്കിടെ കഴിക്കുന്ന മരുന്നുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. നിങ്ങള്‍ എന്റെ മുഖത്ത് കണ്ട വീര്‍പ്പ് അതിലൊന്നാണ്.
ചികിത്സ എനിക്ക് അനിവാര്യമാണ്, എന്റെ ആരോഗ്യത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. എങ്കിലും, നിങ്ങളുടെ സ്നേഹവും, ഞാൻ വിശ്വസിക്കുന്ന എന്റെ ജോലിയും, 'ഗാട്ട ഗുസ്തി 2' എന്ന ചിത്രത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവരോടുമുള്ള എന്റെ ഉത്തരവാദിത്തവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടാണ് സിനിമയുടെ പ്രമോഷനുകളിലും നിങ്ങൾക്കുമുന്നിലും ഞാൻ ഇപ്പോഴും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. എന്റെ ആരോഗ്യം ഉടൻ തന്നെ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഓരോ സന്ദേശങ്ങൾക്കും നിങ്ങളുടെ പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. പ്രമോഷന്റെ അവസാന വാരത്തിലേക്ക് കടക്കുമ്പോൾ, ഞാൻ തികഞ്ഞ പോസിറ്റിവിറ്റിയിലും ആവേശത്തിലുമാണ്. ജൂലൈ 3-ന് തിയേറ്ററുകളിൽ എത്തുന്ന 'ഗാട്ട ഗുസ്തി 2' നിങ്ങളെല്ലാവരും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ വിഷ്ണു വിശാല്‍ കുറിച്ചു.





