
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി തൃഷ പങ്കുവച്ച ചിത്രവും കുറിപ്പും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാം അര്‍ത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. എന്നാല്‍ ഇത് എഐ ചിത്രമാണെന്ന് ആരോപിക്കുകയാണ് ഗായിക സുചിത്ര.
''എഐ ജനറേറ്റഡ് ഫോട്ടോ ആണോ പങ്കുവച്ചത്? എഐയില്‍ ഞാന്‍ വലിയ എഐ എക്സ്പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല'' സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ സുചിത്ര പറഞ്ഞു.
''അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള് എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക.
ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്‍ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു'' എന്നും സുചിത്ര പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ തൃഷ് വിജയിയെ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള തൃഷയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേക്കിന് മുന്നില്‍ നില്ക്കുന്ന വിജയിയും നടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നില്ക്കുന്ന തൃഷയും ഉള്‍പ്പെട്ട ഫോട്ടോയാണ് താരം പങ്കുവച്ചത്.






