
ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ 'ബാഹുബലി-ദ ബിഗിനിങ്'. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ബാഹുബലിയുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നെറ്റ്ഫ്ളിക്സിന്റെ ഡോക്യുമെന്ററിയാണ് ബാഹുബലി: ദ ടോര്‍ച്ച്ബെയറര്‍. ബാഹുബലിയ്ക്കൊരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുകയാണ് ഡോക്യുമെന്ററി. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രഭാസും അനുഷ്ക ഷെട്ടിയും റാണ ദഗ്ഗുബട്ടിയും തമ്മിലുളള സംസാരമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം.
വീഡിയോയില്‍ റാണ ദഗ്ഗുബാട്ടി, 'ഇത് പരസ്യമായി പറയണമോ എന്നറിയില്ല. രാജമൗലിയും ഷോബു ഗാരുവും ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാന്‍ പറയാം. ലോകം ഇപ്പോള്‍ തയ്യാറായിട്ടില്ലായിരിക്കാം. പക്ഷേ 'ബാഹുബലി'...' എന്ന് പറയുന്നതിനിടെയാണ് പ്രഭാസ് ചിരിച്ചുകൊണ്ട് മൂന്ന് വിരലുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
അതോടെ അനുഷ്ക ഷെട്ടിയടക്കമുള്ള എല്ലാവരും പൊട്ടിച്ചിരിക്കുകയും വീഡിയോ അവസാനിക്കുമ്പോള്‍ 'And the legacy continues' എന്ന വാചകം എഴുതി കാണിക്കുകയും ചെയ്യുന്നു.
മൂന്നാം ഭാഗത്തെക്കുറിച്ച് ആരും ഔദ്യോഗികമായി ഒന്നും പറയുന്നില്ലെങ്കിലും, പ്രഭാസിന്റെ ആംഗ്യത്തെ ആരാധകര്‍ 'ബാഹുബലി 3'യുടെ സൂചനയായാണ് ഏറ്റെടുത്തിരിക്കുന്നത്.
2015ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ബാഹുബാലി 2വും പുറത്തിറങ്ങി.
പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നാസ്സര്‍, രമ്യ കൃഷ്ണന്, പ്രഭാകര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.





