
പുതിയ തലമുറയുടെ വാക്കുകളെക്കുറിച്ച് രസകരമായ കുറിപ്പുമായി ബോളിവുഡ് നടൻ അനുപം ഖേർ. ഇന്നത്തെ യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 'വൈബ്' എന്ന വാക്കിനെക്കുറിച്ചുള്ള തന്റെ ജിജ്ഞാസയാണ് താരം പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താൻ വളർന്നുവന്ന കാലഘട്ടത്തിൽ ഇത്തരം വാക്കുകൾ കേട്ടിട്ടുപോലുമില്ലെന്ന് താരം സമ്മതിക്കുന്നു. കറുത്ത ടി-ഷർട്ടും ഷോർട്സും ധരിച്ച് നിൽക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ കുറിപ്പ്.
"എന്താണ് ഈ വൈബ്? 'വൈബ്' എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഞങ്ങൾ വളർന്നുവന്ന കാലത്ത് ഇതൊന്നും ഉപയോഗിച്ചിരുന്നില്ല. ഒരു നല്ല ചിത്രം കണ്ടാൽ ഞങ്ങൾ ലളിതമായി 'നല്ല ചിത്രമാണ്' എന്ന് പറയുമായിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും 'വാട്ട് എ വൈബ്!' എന്നാണ്. എനിക്ക് ഇപ്പോഴും ഇത് നിർവചിക്കാൻ അറിയില്ല. പക്ഷേ, ഈ ചിത്രങ്ങൾക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷേ വൈബ് എന്നത് വിശദീകരിക്കാൻ കഴിയാത്ത, അനുഭവിച്ചറിയേണ്ട ഒന്നായിരിക്കാം. അല്ലെങ്കിൽ എനിക്ക് തെറ്റിയതാകാം! നിങ്ങൾ പറയൂ... ഈ ചിത്രങ്ങൾ നിങ്ങൾക്ക് എന്ത് വൈബാണ് നൽകുന്നത്?"- അനുപം ഖേർ കുറിച്ചു.
പോസ്റ്റിന് താഴെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. നടൻ കരൺ ടാക്കർ താരത്തിന്റെ ഫിറ്റ്നസിനെ പുകഴ്ത്തിയപ്പോൾ, ചിത്രത്തിന്റേത് എന്നും യുവത്വവും വിനയവും നിറഞ്ഞ വൈബ് ആണെന്നായിരുന്നു ടെലിവിഷൻ താരം പുനീത് വസിഷ്ഠ് കുറിച്ചത്. എന്തായാലും താരത്തിന്റെ ഈ 'വൈബ്' തിരച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.





