
മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ തായ്‌വാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അനുമതിയില്ലാതെ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഒമാൻ തീരത്തിന് സമീപം എവർഗ്രീൻ മറൈൻ കമ്പനിയുടെ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി എക്സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന്റെ നിലപാടുകൾക്ക് വിരുദ്ധമായ തീരുമാനങ്ങളോ സമാന്തര ക്രമീകരണങ്ങളോ അംഗീകരിക്കില്ലെന്നും മേഖലയിലെ സുരക്ഷിതത്വം ഇറാന്റെ ഏകോപനത്തോടെ മാത്രമേ ഉറപ്പാക്കാനാകൂ എന്നും കാസെം ഗരീബാബാദി മുന്നറിയിപ്പ് നൽകി.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ യുഎസും ആറ് ഗൾഫ് രാജ്യങ്ങളും (ജിസിസി) സംയുക്ത പ്രസ്താവനയിലൂടെ തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. കപ്പലുകളെ തടയാൻ ഇറാൻ ശ്രമിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ യുഎസ്-ഇറാൻ പ്രാഥമിക സമാധാന ചർച്ചകളെപ്പോലും ബാധിക്കുന്ന തരത്തിലാണ് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണാപത്ര പ്രകാരം ഈ മേഖലയിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചിരുന്നു. എന്നാൽ കപ്പലുകൾ ഏത് റൂട്ട് ഉപയോഗിക്കണം എന്നതിനെ ചൊല്ലിയും ഇറാൻ ടോൾ ഈടാക്കുന്നതിനെ ചൊല്ലിയുമുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല.
ഇറാൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജലപാത ഒഴിവാക്കിക്കൊണ്ട് ഒമാനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും ചേർന്ന് പുതിയൊരു ഷിപ്പിംഗ് കോറിഡോർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തങ്ങളോട് ആലോചിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും, മേഖലയിൽ മൈനുകൾ നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാണിച്ച് ഇറാൻ ഈ പദ്ധതി തള്ളി.
ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് നാവികരെയും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ഒഴിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ താല്ക്കാലിക പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ തന്ത്രപ്രധാന പാതയിലൂടെയുള്ള കപ്പൽ ഗതാഗതം വെള്ളിയാഴ്ചയോടെ ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ ദാഹിതിന് തെക്കുകിഴക്ക് 7.5 നോട്ടിക്കൽ മൈൽ (ഏകദേശം 14 കിലോമീറ്റർ) അകലെ വെച്ചാണ് അജ്ഞാത വസ്തു കപ്പലിൽ പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് അവർ നിഷേധിച്ചിട്ടുമില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.






