
ഇന്നലെയായിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെ മകള്‍ അവന്തികയുടെ വിവാഹഹം. ശ്രാവണ്‍ ശ്രീനിവാസനാണ് വരന്‍. ഗോവയില്‍ വെച്ച് നടന്ന ലളിതവും മനോഹരവുമായ ചടങ്ങില്‍ സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ആഘോഷത്തില്‍ നിന്നുളള മനോഹരമായ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ. തമന്നയ്‌ക്കൊപ്പം നടി തൃഷ കൃഷ്ണനും, ആര്‍തിയും വധുവിന്റെ തോഴിമാരായി തിളങ്ങി. ഐവറി, ബീജ് നിറങ്ങളിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ചടങ്ങിനെത്തിയത്.
‘ഫെയറിടെയിലുകള്‍ യാഥാര്‍ഥ്യമാണ്, ഇന്ന് ഞാന്‍ അങ്ങനെയൊന്ന് നേരിട്ട് കണ്ടു. നിങ്ങളും അത് കാണാനായി ചിത്രങ്ങള്‍ സ്വൈപ്പ് ചെയ്ത് നോക്കൂ. ചടങ്ങിലെ ഏറ്റവും മനോഹരവും ക്യൂട്ടുമായ നിമിഷം.ചില ആളുകള്‍ എത്ര അകലെയാണെങ്കിലും അല്ലെങ്കില്‍ എത്ര കുറച്ചുമാത്രമേ പരസ്പരം കാണാറുളളൂ എങ്കിലും എപ്പോഴും നമ്മളോട് മനസ്സുകൊണ്ട് ചേര്‍ന്നു നില്‍ക്കും. യാത്രകള്‍ക്കിടയില്‍ നമ്മള്‍ നേടിയെടുക്കുന്ന സുഹൃത്തുക്കളാണ് ഏറ്റവും വിലപ്പെട്ടവര്‍.
കുറച്ചു കുസൃതികളും തമാശകളും ഒക്കെ നിര്‍ബന്ധമാണല്ലോ. കുടുംബത്തെപ്പോലെയുളള സുഹൃത്തുക്കള്‍. സുന്ദര്‍ സര്‍ എപ്പോഴത്തെയും പോലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. അദ്ദേഹം അത് ചെയ്യണമല്ലോ.ഒടുവില്‍ എനിക്ക് ബൃന്ദ അക്കയ്‌ക്കൊപ്പമുളള ചിത്രങ്ങളും ലഭിച്ചു. എല്ലാവരും തീമിന് അനുസരിച്ച് ഒരേ കളര്‍ കോഡിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത മനോഹരമായ ആഭരണങ്ങള്‍ ഒരു ദിവസം ഞാന്‍ ധരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെ കുറച്ചു ഭംഗിയുള്ള ചിത്രങ്ങള്‍ .ഇത് എന്റെ ഹൃദയം കവര്‍ന്നു, അതെ... എന്റെ പൂര്‍ണ്ണ ഹൃദയവും.വധുവിന്റെ സുഹൃത്തുക്കള്‍’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് തമന്ന കുറിച്ചത്. ഐവറി സാരിയില്‍ അതീവ സുന്ദരിയായാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.
മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബുവും എത്തിയിരുന്നു. മകളുടെ വിവാഹത്തെക്കുറിച്ച് അതീവ വികാരധീനയായാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഈ നിമിഷത്തില്‍ അനുഭവിക്കുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാകില്ല. വിവാഹങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ് നിശ്ചയിക്കപ്പെടുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഈ ചടങ്ങ് ഹൃദയത്തില്‍ എന്നും നിലനില്‍ക്കും. സന്തോഷം കൊണ്ട് കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്,' ഖുശ്ബു കുറിച്ചു.
സൗത്ത് ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവര്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ എന്നിവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിച്ചേര്‍ന്നു. വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.





