
താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളാണ് കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശ്വേതാ മേനോനും ലക്ഷ്മിപ്രിയ്ക്കുമെതിരെ വീണ്ടും പരാതി നല്‍കിയതിന് പിന്നാലെ മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി അന്‍സിബ. ആ കരുതലും സ്നേഹവും ഒരുപോലെ തുടരുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു എന്നാണ് ചിത്രത്തിനൊപ്പം ഹന്‍സിബ കുറിച്ചത്. ഇരുവരും അച്ഛനും മകളുമായി അഭിനയിച്ച ദൃശ്യം സിനിമയുടെ മൂന്നാംഭാഗം അടുത്തിടെയാണ് പുറത്തുവന്നത്. ദൃശ്യം സിനിമയുടെയും ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുകളും അന്‍സിബ ഹാഷ്ടാഗായി കുറിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെ സിനിമാ മേഖലയില്‍ നടക്കുന്ന വേട്ടയാടലുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അന്‍സിബ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ആദ്യം മേത്തിച്ചിയാക്കി, പിന്നെ ജിഹാദിയാക്കി. മതപരിവര്ത്തത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി. ജനപ്രതിനിധി അടക്കമുളളവര്‍ അതിന് കൂട്ടുനിന്നുവെന്നും അന്‍സിബ പറഞ്ഞു. പാലാരിവട്ടം പോലീസിന് താന്‍ പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ കുറിപ്പില്‍ പറയുന്നു.
‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന് എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.
ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന് മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല. ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവന് തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്’ അന്‍സിബയുടെ വാക്കുകള്‍





