
തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് റോജ. നടി എന്നതിലുപരി ഇപ്പോൾ രാഷ്ട്രീയക്കാരി കൂടിയായ റോജ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. ഇപ്പോഴിതാ മകന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. മകൻ എത്ര പ്രായമായാലും എപ്പോഴും തനിക്ക് കൊച്ചുകുട്ടി തന്നെയായിരിക്കും എന്നാണ് റോജ പറയുന്നത്.
"എന്റെ പ്രിയപ്പെട്ട മകന് ജന്മദിനാശംസകൾ. നീ ഇന്ന് ഈ നിലയിൽ വളർന്നു വരുന്നത് കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ദൈവം നിനക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും അനന്തമായ അവസരങ്ങളും നൽകി അനുഗ്രഹിക്കട്ടെ. എപ്പോഴും വിനയമുള്ളവനും ദയയുള്ളവനുമായിരിക്കുക. ഒപ്പം പൂർണ്ണ ആത്മവിശ്വാസത്തോടെ നിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക. നിനക്ക് എത്രപ്രായമായാലും, നീ എപ്പോഴും എന്റെ കൊച്ചു മകൻ തന്നെയായിരിക്കും. സ്നേഹവും സന്തോഷവും മറക്കാനാവാത്ത നിമിഷങ്ങളും നിറഞ്ഞ ഒരു വർഷം നിനക്കുണ്ടാകട്ടെ," എന്നാണ് മകന്റെ ബർത്ത്ഡേ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റോജ കുറിച്ചത്.
2002 ലായിരുന്നു നടി റോജയും സംവിധായകനുമായ ആർ കെ സെൽവമണിയും വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. അൻഷുമലിക, കൃഷ്ണ ലോഹിത് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.
'ചെമ്പരുത്തി' എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ നായികയായി റോജയുടെ അരങ്ങേറ്റം. അതിനുശേഷം മുൻനിര താരങ്ങളുടെ ഒക്കെ നായികയായി അവർ തിളങ്ങി. അതേസമയം, തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷാചിത്രങ്ങളിലും നടി തന്റെ സാന്നിധ്യം അറിയിച്ചു.
1998 മുതൽ തന്നെ രാഷ്ട്രീയത്തിൽ റോജ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആ സമയത്ത് സിനിമയിലും സജീവമായിരുന്നു. എന്നാൽ 2022 ൽ സിനിമാ മേഖല പൂർണ്ണമായും വിട്ട് രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുക്കുകയാണെന്ന് റോജ പ്രഖ്യാപിക്കുകയായിരുന്നു.





