
യൂറോപ്യന്‍ വേദികളെ ആവേശത്തിലാക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും സംഘവും നടത്തുന്ന സ്റ്റേജ് ഷോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദ സ്‌ക്രീന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ ഷോയുടെ ജര്‍മനിയിലെ പ്രകടനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ, പരിപാടിക്കിടെ പകര്‍ത്തിയ മനോഹരമായ ഒരു സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുന്നത്. ഷോയിലെ പ്രധാന താരങ്ങളിലൊരാളായ റംസാന്‍ മുഹമ്മദ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
മോഹന്‍ലാലിനൊപ്പം റംസാന്‍, സാനിയ അയ്യപ്പന്‍, സ്വാസിക, ജീവ എന്നിവര്‍ നില്‍ക്കുന്ന സെല്‍ഫിയോടൊപ്പം 'ഞങ്ങള്‍ ജര്‍മനി കത്തിച്ചു, അടുത്തത് ലണ്ടനും അയര്‍ലന്‍ഡും' എന്ന ക്യാപ്ഷനും റംസാന്‍ നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ പര്യടനത്തിലെ അടുത്ത വേദികളായ ലണ്ടനിലും അയര്‍ലന്‍ഡിലും ഇതിലും വലിയ ആവേശം തീര്‍ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വന്‍ താരനിരയാണ് ഈ യൂറോപ്യന്‍ ടൂറില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കുന്നത്. കെ.എസ്. ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, വിധു പ്രതാപ്, സ്വാസിക, സാനിയ അയ്യപ്പന്‍, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരുള്‍പ്പെടെയുള്ള വന്‍ സംഘമാണ് മലയാളി പ്രവാസികള്‍ക്കായി ഈ കലാവിരുന്ന് ഒരുക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രവാസി മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ലണ്ടനിലും അയര്‍ലന്‍ഡിലും നടക്കാനിരിക്കുന്ന ഷോകള്‍ക്കായി വലിയ കാത്തിരിപ്പിലാണ് അവിടുത്തെ മലയാളി പ്രേക്ഷകര്‍.





