
അന്തരിച്ച തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജിനെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ കലാകാരനായിരുന്നു ഭാഗ്യരാജെന്ന് പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിനും സാംസ്‌കാരികലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രശസ്ത സംവിധായകനും ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ കലാകാരനായിരുന്നു അദ്ദേഹം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകളിലൂടെയും സ്വാഭാവികമായ നര്‍മ്മത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിനിമയ്ക്ക് പുറമേ സാഹിത്യത്തിലും കഴിവ് തെളിയിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല, മികച്ച സിനിമകളിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തിനും സാംസ്‌കാരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ്. ഭാഗ്യരാജിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. 73 വയസ്സായിരുന്നു.നടി പൂര്‍ണ്ണിമ ജയറാമാണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടന്‍ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.





