
മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിൽ പിണറായി പക്ഷത്തും എതിർ ചേരിയിലുമായി മിക്കവാറും കേരള സമൂഹം ചേരിതിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഇരുപക്ഷവും വിട്ടുകളയുന്നതോ വിട്ടുപോകുന്നതോ ആയ സുപ്രധാനമായ ഒരു സംഗതിയുണ്ട്. അതിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പരിശോധിക്കുന്നു.
പിണറായി വിജയന്റെ കണ്ണൂരും തിരുവനന്തപുരത്തും ഉള്ള വീടുകളിൽ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് മിന്നൽ പരിശോധന നടത്തിയത് അദ്ദേഹത്തിന്റെ പാർട്ടിക്കാരുടെ ഇടയിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. തങ്ങളുടെ നേതാവിനെ കുടുക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും ചേർന്ന ഒരു നാടകമാണെന്ന വിശ്വാസമായിരിക്കാം അണികളെ ഇത്ര പ്രകോപിതരാക്കിയത്. മറിച്ച് ഇ ഡി പറയുന്നത് വിജയന്റെ മകൾ വീണ വിജയന്റെ എക്സാ ലോജിക്' കമ്പനി കരിമണൽ കച്ചവടം ചെയ്യുന്ന കർത്തായുടെ കമ്പനിയായ സിഎംആർഎൽ-ൽ നിന്നും അവിഹിതമായി പണം കൈപ്പറ്റി നിക്ഷേപിച്ചു എന്ന കള്ളപ്പണക്കേസിൽ അനവധി വർഷങ്ങളായിനിലനിന്ന സ്റ്റേ ഹൈക്കോടതി നീക്കിയ സാഹചര്യത്തിലാണ് റെയ്ഡ്' എന്നാണ്. എന്നാൽ സിപിഐഎം അണികൾ അന്വേഷണം നടത്തുന്നു എന്ന കാര്യം പരിഗണിക്കാതെ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും വാഹനത്തിൽ ഇടിച്ചും ചെറിയ തോതിൽ കല്ലുകൊണ്ടാക്രമിക്കുകയും മറ്റും ചെയ്തു.
ഒന്നാമത് പരിഗണിക്കേണ്ട വിഷയം കരിമണൽഇടപാടിലെ അഴിമതിയാണ്. എല്ലാവരും പറയുന്നത് പോലെ കേരളത്തിന്റെ സ്വർണഖനിയാണ്. അത് ഖനനം ചെയ്യുന്നത് പൊതുമേഖലയായിരുന്നു. കരിമണലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ ഇവയാണ്: ഇൽമെനൈറ്റ് (Ilmenite) - ടൈറ്റാനിയത്തിൻ്റെ പ്രധാന ധാതു, റൂട്ടൈൽ (Rutile) - ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മാണത്തിന്, സിർക്കോൺ (Zircon) സെറാമിക്, ആണവ വ്യവസായം, മോണോസൈറ്റ് (Monazite) തോറിയം, അപൂർവ ഭൗമധാതുക്കൾ (Rare Earths), സില്ലിമനൈറ്റ് (Sillimanite) റിഫ്രാക്ടറി വ്യവസായം ഗാർനെറ്റ് (Garnet) അബ്രേസീവ് ഉപയോഗങ്ങൾ. കേരളത്തിലെ ചവറ, ആലപ്പുഴ തീരപ്രദേശം തുടങ്ങിയ ഇടങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു.
കേരളത്തിൽ കരിമണൽ ഖനനം ആദ്യം പ്രധാനമായും പൊതുമേഖലാ Indian Rare Earths Limited (IREL) ഉം Kerala Minerals and Metals (KMML) ഉം മുഖേനയായിരുന്നു നടന്നത്. സ്വകാര്യ മേഖലയ്ക്ക് പ്രവേശനം ലഭിച്ചത് 1990-കളുടെ അവസാനത്തോടെയും 2000-കളുടെ തുടക്കത്തിലുമാണ്. പ്രത്യേകിച്ച് 1998-ൽ കേന്ദ്രസർക്കാർ ചില "Beach Sand Minerals" സ്വകാര്യ ഖനനത്തിനും കയറ്റുമതിക്കുമായി ഭാഗികമായി തുറന്നതോടെ സ്വകാര്യ കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തനം ആരംഭിച്ചു. എന്നാൽ മോണോസൈറ്റ് പോലുള്ള ആണവപ്രാധാന്യമുള്ള ധാതുക്കൾ ഇന്നും കേന്ദ്രനിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളെല്ലാം കടലാസിൽ മാത്രം. അതിനിടയിലാണ് കർത്തായുടെ ഉടമസ്ഥതയിലുള്ള കേരള മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് KMRL കരിമണൽ ബിസിനസിൽ കടന്നുവന്നത്.
കരിമണൽ സമം അഴിമതിയാകുന്നത് എന്തുകൊണ്ട്
കേന്ദ്രം ഭരിച്ച വാജ്പേയിയുടെയും തുടർന്ന് വന്ന സർക്കാരുകളുടെയും അക്കാര്യങ്ങളിൽ നയമില്ലാ വികല വലതൻ നയത്തിന്റെ പൊള്ളത്തരം നിമിത്തമാണ് അത്. പൊതുമേഖല തന്നെ വലിയ കൊള്ള നടത്തുന്നതിന്റെ ദുരിതം ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കേയാണ് സ്വകാര്യ മേഖലയുടെ കടന്നുവരവ്. പൊതുമേഖലയിൽ ഖനനത്തിലെ കരാർ ഇടപാടിലും സംസ്കരണത്തിലും ഉള്ളതും യൂണിയൻ തലം മുതൽ ഉള്ളതുമായ അഴിമതി ദുസ്സഹമാണ്. പ്രകൃതിയിൽ നിന്ന് വാരിയെടുക്കുന്നതിന്റെ അദ്ധ്വാന മൂല്യം കണക്കാക്കിയല്ല കരിമണലിന്റെ വില. സൗന്ദര്യവസ്തുക്കളിലെയും തുടങ്ങിയ വൻകിട വ്യവസായത്തിലെയും യുദ്ധ-ആണവ വ്യവസായത്തിലെയും തന്ത്രപ്രധാനമായ സ്ഥാനം അതിന്റെ മൂല്യം വിലമതിക്കാനാവാത്തതാക്കുന്നു.
അതിനാലാണ് വൻതോതിൽ അഴിമതി ഇടപാടുകൾ വ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകളിൽ കരിമണൽ ഖനനത്തിനെതിരെ ചവറ മേഖലയിൽ ജനകീയ സമരം നടന്നത് തീരദേശം കുഴിച്ചു മാന്തി തീർക്കുന്നതിന് എതിരായാണ്. അതിലൂടെ ജനങ്ങളുടെ അതിജീവനവും പന്മന എന്ന് പറയുന്ന ഗ്രാമം കടലുമാന്തി മാന്തി തീർന്നു പോയതിന്റെ ചരിത്രവും സൂചിപ്പിക്കുന്നു. അത് പ്രകൃതി വിഭവങ്ങൾ അനന്തമല്ലെന്ന തിരിച്ചറിവാണ് നൽകേണ്ടത്. കരിമണൽ തലമുറകൾ ഉപയോഗപ്പെടുത്തുന്നതിനെ പോഷിപ്പിക്കുന്നതായിരിക്കണം സർക്കാരിന്റെ നയങ്ങൾ. എന്നാൽ അക്കാര്യത്തിൽ എൽഡിഎഫിനോ, യുഡിഎഫിനോ, ബിജെപിക്കോ എന്തെങ്കിലും നയപരിപാടികൾ ഉള്ളതായി അറിവില്ല. അവരുടെയെല്ലാം നയപരിപാടികൾ ഇപ്പോൾ തന്നെ പരമാവധി കവർന്നെടുക്കുക എന്നതാണ്. മുതലാളിത്ത വികസന നയങ്ങൾക്കനുസരിച്ച നയങ്ങളല്ലാതെ അവയ്ക്കൊന്നും ജനങ്ങളുടെ അതിജീവനവും വികാസവും പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിതവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഉപയോഗവും സംബന്ധിച്ച് നയപരിപാടികൾ ഇല്ല. വിവാദ വിഷയമായ അഴിമതിയിൽ അഭേദ്യമായി ബന്ധപ്പെട്ടതാണെങ്കിലും മേൽപ്പറഞ്ഞതൊന്നും മുഖ്യ ചർച്ചാവിഷയമാകുന്നില്ല.
വീണയുടേയും കരിമണൽ അഴിമതിയുടേയും താൽക്കാലികമായി ഉണ്ടാക്കിയ ഒരു കടലാസ് കമ്പനിയുടേയും വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ചർച്ചകളെല്ലാം പോകുന്നത്. ജനകീയ സമരം നിമിത്തം കരിമണൽ ഖനനം ഉമ്മൻചാണ്ടി സർക്കാർ നിരോധിച്ചു. എന്നാൽ നിരോധിച്ചത് മുതൽ ഇപ്പോഴും നിയമവിരുദ്ധമായി മെക്കാനിക്കൽ അല്ലാതെ കൈകൊണ്ട് വാരി ശേഖരിക്കുകയും കടത്തുകയും ചെയ്യുന്നുണ്ട്. അതിനേക്കാൾ തട്ടിപ്പ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വെള്ളപ്പൊക്ക പരിഹാരമായി മറ്റൊരു കമ്പനിയുടെ കരാറിന്റെ മറവിൽ തോട്ടപ്പളളിയിലെ മണൽ -കരിമണൽ- കടത്തിയ തട്ടിപ്പ് പുറത്ത് വന്നത് രണ്ടാം മന്ത്രിസഭയുടെ അവസാന കാലത്ത് മാത്രമാണ്. എന്നാൽ മാധ്യമങ്ങളൊന്നും അതിന്റെ പിന്നിലുളള ശക്തികളെ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. കരിമണൽ കള്ളക്കടത്ത് നടത്തുവാൻ ശ്രമിക്കുന്നതാരാണെന്ന് സമൂഹത്തിന് മുമ്പിൽ ഉണ്ട്. കെഎംഎംഎൽ കേരള സർക്കാർ സ്ഥാപനമായതിനാൽ ഇവിടുത്തെ അധികാരികളെ സന്തോഷിപ്പിച്ച് അതിന്റെ പേരിൽ സംഭരിക്കുന്ന കരിമണൽ സിഎംആർഎൽ ന് വിലയ്ക്കും കളവായും കടത്തിയാണ് അഴിമതി.
ആദ്യം വീണയ്ക്ക് വായ്പയായി ഒരു തുക നൽകിക്കൊണ്ടാണ് തുടക്കം. രഹസ്യമായി നടന്ന ഇടപാടുകൾ വഴി കർത്തായുടെ പണം മാസംതോറും ക്രമമായി വരുന്ന മുഖ്യമന്ത്രിയുടെ മകൾ അഴിമതിക്കാരിയല്ലായെന്ന് തെളിയിക്കേണ്ട ബാധ്യത സിപിഐഎം ഏറ്റെടുത്തത് വിചിത്രമാണ്. അവർ സാധാരണ ചെയ്യുന്ന അക്രമത്തിന്റെ വഴി ഏതായാലും തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പരാജിതർക്ക് ലഭിക്കേണ്ട സഹതാപം തടഞ്ഞതാണ് സിപിഐഎം ഉണ്ടാക്കിയ നേട്ടം. അതിലൂടെ ഇഡി യെ തടയുവാനോ എന്തെങ്കിലും തടസങ്ങൾ ഉണ്ടാക്കുവാനോ കഴിഞ്ഞില്ല. ഇ ഡി പരിശോധന നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അക്രമത്തിന്റെ പാത തെരഞ്ഞെടുത്ത് പ്രകോപനം സൃഷ്ടിക്കാതെ ശാന്തരായി പ്രതിഷേധിക്കുവാൻ പറയുന്നതിന് പിണറായി വിജയന് വിവേകത്തേക്കാൾ അധികരിച്ച അനുയായികളുടെ ആവേശത്തളളലിൽ മതിമറന്നിരിക്കാം. എന്നാൽ പാർട്ടിയിലെ അവിടെ സാന്നിദ്ധ്യം ഉണ്ടായിരുന്ന ഉന്നത നേതാക്കളൊന്നും അതിന് തയ്യാറായില്ല. വീണയുടെ എക്സ്സാ ലോജിക്' എന്ന കമ്പനിക്ക് യാതൊരു സേവനവും ചെയ്യാതെയാണ് കർത്തായുടെ കരിമണൽ ബിസിനസ് ചെയ്യുന്ന കമ്പനി മാസം തോറും പണം കൊടുത്തു കൊണ്ടിരുന്നത്.
വീണ ഒരു തട്ടിക്കൂട്ട് കമ്പനി ഉണ്ടാക്കി കൈക്കൂലി വാങ്ങുവാൻ സൗകര്യമുണ്ടാക്കിയതാണെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ കുറ്റംപറയാനാവില്ല. പുറത്തുവന്ന തെളിവുകൾ വീണയുടെ ഇടപാടുകളെ സംശയത്തിലാക്കുന്നു. കരിമണൽ അഴിമതിയുടെ കരിനിഴലിൽപ്പെട്ടവർക്ക് ഇനിയും സംരക്ഷണം നല്കുന്നവരും അതുകേവലം വ്യക്തിപരമായ അഴിമതിയായി ചുരുക്കുന്നവരും ഒരുപോലെ യഥാർത്ഥ വിഷയത്തിൽ നിന്ന് മാറിപ്പോവുകയാണ്. ആദ്യം സൂചിപ്പിച്ചതുപോലെ കരിമണൽ വൻകിട മേഖലയിൽ വലിയ ഡിമാൻഡുള്ളതും വില കിട്ടുന്നതുമായ ചരക്കായതിനാലും സർക്കാരിന്റെ നിയന്ത്രണങ്ങൾ ഏറെയുള്ളതിനാലും ലാഭമോഹികൾ അതിന്റെ ഇടപാടുകൾ രഹസ്യമായി നടത്തുവാനും വൻതുക കോഴയായി നൽകുവാനും തയ്യാറാകും. കർത്താ കരിമണൽ ബിസിനസിൽ വന്നത് വൻ ലാഭം കൊയ്യുന്നതിനാണ്. അപ്രകാരം ലഭിക്കുന്ന പ്രകൃതി വിഭവങ്ങൾ അസാധാരണ ലഭ്യതയുള്ള ചരക്കുകളായതിനാൽ ലാഭമുണ്ടാക്കുവാൻ വൻതുക കൈക്കൂലി നൽകാതെ തരമില്ല. എന്നാൽ കിട്ടുന്ന ലാഭം അതിരറ്റതും അവ കൈകാര്യം ചെയ്യുമ്പോഴത്തെ ചെയ്യുന്നവർക്കുള്ള ലഭ്യതയും വർത്തമാന സാഹചര്യത്തിലെ ആവശ്യകതയും തമ്മിലുള്ള അനുപാതം ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ വൻതുക കോഴകൊടുത്തും ബിസിനസ് നേടുവാൻ ശ്രമിക്കുന്നതും സ്വാഭാവികവുമാണ്. അതാണ് വെറുതെയെന്ന് തോന്നിപ്പിക്കുന്നതു കോഴയായി ലഭിക്കുന്നത്.
കോഴപ്പണം വിളമ്പുന്നതിലെ മാനദണ്ഡം
അതിനാലാണ് ആരും അലോസരമുണ്ടാക്കരുതെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ഭരണ സംവിധാനത്തിലെ ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾക്ക് കോഴ നൽകിയതായി സൂചന ലഭിച്ചത്. പിവിയും ഓസിയും ആർസിയും പികെയും വെറും അക്ഷരങ്ങൾക്ക് ജീവൻവച്ച കോഴയായി മാറുന്നത് അതിനാലാണ്. രാഷ്ട്രീയമായി സമാഹരിക്കുന്ന തുകയിൽ ഒരു ഭാഗം തട്ടിച്ചെടുത്താൽ അതിനെ പ്രതിരോധിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. വ്യവസ്ഥാപിത പാർട്ടികളുടെ കണക്കുകൾ സാമ്പത്തിക ഇടപാടുകൾ എല്ലാം സുതാര്യവുമല്ല, ജനാധിപത്യപരവുമല്ല. കേന്ദ്രഭരണം ലഭിച്ചിരുന്നെങ്കിലും സംസ്ഥാന ഭരണ സംവിധാനത്തിൽ അകറ്റിനിർത്തപ്പെടുന്ന അവസ്ഥ ബിജെപി അനുഭവിച്ചത് മൂന്ന് എംഎൽഎമാരെ നേടിയതിലൂടെ അവർക്കും നേടാവുന്ന സ്ഥിതിവിശേഷം ഉണ്ടായി.
പിവി യും ആർസി യും ഓസി യും എല്ലാം അഴിമതിയുടെ നിഴലിൽ
ഇന്നത്തെ വ്യവസ്ഥാപിത കക്ഷികൾ കളളപ്പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒരു നിയമസഭാസീറ്റിലോ ലോക്സഭാസീറ്റിലോ മത്സരിക്കുന്നതിന് കോടികൾ ചെലവഴിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥികളും പാർട്ടികളും നല്കുന്ന കണക്കുകളെല്ലാം യാഥാർത്ഥ്യവുമായി പൊരുത്തമില്ലാത്ത കളവായ കണക്കുകളാണ്. വ്യവസ്ഥാപിത പാർട്ടികൾ നയവ്യത്യസമില്ലാതെയായിത്തീരുന്നത് ആ സാഹചര്യത്തിലാണ്.
കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച കമ്യൂനിസ്റ്റ് പാർട്ടിക്കും ബിർളയുടെ പണം (കളളപ്പണം) കിട്ടിയിട്ടുണ്ടെന്ന് ന്യായമായും സംശയിക്കണം. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം പിടിച്ചപ്പോൾ ആ സർക്കാരിൽനിന്ന് ബിർളയ്ക്ക് ലഭിച്ച അനുകൂല്യം അത്ര വലുതായിരുന്നു. അത് കേവലം വ്യവസായവും വികസനവും ഉണ്ടാകണമെന്ന ശുദ്ധഗതി നിമിത്തം അല്ല. അപ്പോഴൊന്നും കമ്യൂണിസ്റ്റ് നേതാക്കൾ അതിൽ നിന്ന് കൈയ്യിട്ട് വാരിയെന്ന ആക്ഷേപം ഉന്നയിക്കുവാൻ ആർക്കും സാധിച്ചില്ല. പിവിയും ആർസിയും ഒസിയും പികെയും എല്ലാം ജീവിക്കുന്ന കോഴപ്പണം കൈപ്പറ്റിയ തെളിവുകളാണെങ്കിലും അതെല്ലാം സമൂഹത്തിൽ അംഗീകരിക്കപ്പെട്ടതുപോലെ സ്വീകരിക്കപ്പെട്ടു. അതാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രവ്യത്യാസമില്ലാതെ പാർട്ടിയേയും രാഷ്ട്രീയത്തെയും മലീമസമാക്കിയത്. എന്നാൽ സിഎംആർഎൽ കർത്താ കമ്പനിയുടെ വ്യവസ്ഥാപിത രാഷ്ട്രീയ നടത്തിപ്പിന് അനിവാര്യമെന്ന് തോന്നുന്നതുമായ കളളപ്പണം വിതരണം ചെയ്തതുപോലെയല്ല വ്യക്തമായും ഒരു നേതാവിന്റെ കുടുംബത്തിലേക്കെന്ന് തോന്നുന്ന വിധം തട്ടിയെടുക്കുന്നത്. വീണാ വിജയന്റേയും പിണറായി വിജയൻറേയും മേലുള്ള അക്കാര്യത്തിലെ സംശയം ഇതുവരെ ദുരീകരിക്കാവുന്ന യാതൊന്നും പുറത്തു വന്നിട്ടില്ല. സംശയത്തിൻറെ മേഘാവതമായ അന്തരീക്ഷത്തിലാണ് അവർ നില്ക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ നടത്തിപ്പിനായാലും സ്വന്തം കുടുബത്തിലേക്കായാലും അവിഹിതമായി കള്ളപ്പണം (കണക്കിൽപെടാത്ത) വരുന്നത് രാഷ്ട്രീയത്തെ അവിഹിതമായി സ്വാധീനിക്കും.
അഴിമതിയും കമ്യൂണിസ്റ്റ് വ്യവസ്ഥിതിയും
1957 ലെ കമ്യൂണിസ്റ്റുകാരും മുതലാളിത്തത്തെ ചരിത്രത്തിന്റെ സ്വാഭാവിക പരിണാമമായി കാണുന്നതിനാൽ ബിർല പ്രകൃതിവിഭവങ്ങൾ തീരെക്കുറഞ്ഞ വിലയ്ക്ക് ലഭിച്ച് എത്ര വലിയ മുതലാളിയായാലും അവർക്ക് കുഴപ്പമില്ലാതാകുന്നത് അതിനാലാണ്. അതിൽ സംഭവിക്കുന്ന ആ മനോഗതിയും അതിലുണ്ട് എന്ന് വസ്തുത തിരിച്ചറിയുന്നു. എന്നാൽ അത്തരം അഴിമതിപ്പണം പാർട്ടി കൈപ്പറ്റിയാൽ വരാനിരിക്കുന്ന വിപ്ലവത്തിൽ അത്തരം ധനികവർഗം ഇല്ലാതാകുമെന്ന ശുഭാപ്തി വിശ്വാസം കമ്യൂണിസ്റ്റുകാരെ നയിച്ചതും നമ്മൾ കാണാതിരുന്നു കൂടാ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിലൂടെ വർഗരഹിത സമൂഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവർ 'പുത്തൻ വർഗം' എന്ന യുഗോസ്ലാവ്യൻ കമ്യൂണിസ്റ്റ് മിലോവൻ ജിലാസ്ന്റെ പുസ്തകം വായിക്കുന്നില്ലെങ്കിൽ മിഥ്യാലോകത്തായിരിക്കും ജീവിക്കുന്നത്. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ ആവിർഭവിക്കുന്ന പുതിയ വർഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അദ്ദേഹംത്തിൻറെ 'ന്യൂ ക്ലാസ്' എഴുതിയ 1960 കളിൽ ആണ്. അദ്ദേഹമത് വിഭാവനം ചെയ്തപ്പോൾ, പാർട്ടിതന്നെ സർക്കാർ രൂപത്തിൽ അവതരിച്ച് പാർട്ടി ഭാരവാഹികൾ ഉദ്യോഗസ്ഥൻമാരാകുന്നതും അവർ പ്രത്യേക അവകാശങ്ങളുള്ളവരാകുന്നതുമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ അദ്ദേഹം യു എസ് എസ് ആർ കമ്യൂണിസ്റ്റ് വ്യവസ്ഥ തകർന്ന് പുതിയ വ്യവസ്ഥ വന്നപ്പോഴുണ്ടായ സ്ഥിതി വിഭാവനം ചെയ്തില്ല. അദ്ദേഹം വിഭാവനം ചെയ്യാത്ത സോവ്യറ്റ് കമ്യൂണിസ്റ്റ് വ്യവസ്ഥ തകർന്നടിഞ്ഞപ്പോഴത്തെ സ്ഥിതിയാണ് ഏറ്റവും പരിതാപകരം.
ഗോർബച്ചോഫ് ജനാധിപത്യം കാംക്ഷിച്ച കമ്യൂണിസ്റ്റ് ഭരണാധിപനായിരുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ ജനാധിപത്യ വ്യവസ്ഥിതിയായി പരിവർത്തനം ചെയ്യാമെന്ന് അദ്ദേഹം വ്യാമോഹിച്ചു. എന്നാൽ ജനാധിപത്യം നിലനിൽക്കാൻ അനിവാര്യമായ സാമ്പത്തിക സമത്വം ഉണ്ടാവുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്താ പദ്ധതി ഇല്ലായിരുന്നു. അതിനെക്കുറിച്ച് കമ്യൂണിസ്റ്റ് വ്യവസ്ഥിക്കപ്പുറത്ത് ചിന്തിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മദ്യപനായ ഒരു ഗെന്നടി യാനേയാവ് ക്ഷണികമെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ഭരണം നിലവിൽ വന്നുവെന്ന പ്രഖ്യാപനത്തിലൂടെ കമ്യൂണിസ്റ്റ് വ്യവസ്ഥയെ ജനാധിപത്യവല്കരിക്കാൻ ശ്രമിച്ച ഗോർബച്ചേവിനെ മാറ്റി അട്ടിമറിഭരണം സ്ഥാപിച്ചതിൽ നിന്നാണ് മദ്യപാനിയായ ബോറിസ് യെറ്റ്സിൻ ജനാധിപത്യം പുനസ്ഥാപിച്ചത്. അത് ജനാധിപത്യവാദിയായ ഗോർബച്ചോവിന്റെ ഭരണം നഷ്ടപ്പെടുത്തുകയും ബോറിസ് യെറ്റ്സിൻ തല്ഫലമായി അധികാരത്തിലേറുകയും ചെയ്തു. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിൽ മോസ്കോ മേയറായിരുന്നു ബോറിസ് യെറ്റ്സിൻ. എന്നാൽ കമ്യൂണലിസം വെടിഞ്ഞ പുതിയ ഭരണസംവിധാനത്തിൽ ബോറിസ് യെറ്റ്സിൻ തുറന്ന ജനാധിപത്യം എന്ന ഭാവേന മുതലാളിത്ത കേന്ദ്രീകരണത്തിനും പഴയ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ സർക്കാരുടമസ്ഥതയിലുള്ള കമ്പനികളുടെ സ്വകാര്യവല്കരണത്തിനും ആണ് തുനിഞ്ഞത്. അപ്പോൾ പഴയ കമ്യൂണിസ്റ്റ് പാർട്ടിയിലെ പുതിയ ഭരണവ്യവസ്ഥയിൽ സ്വാധീനമുണ്ടായിരുന്നവരായ പാർട്ടി ഭാരവാഹികളും ഉദ്യോഗസ്ഥമേധാവികളും അവരുടെ സിൽബന്ധികളും പൊതുമേഖലയുടെ സ്വത്തുക്കളെല്ലാം കൈവശപ്പെടുത്തി പുതിയ ഭരണാധികാരികളുടേയും വ്യവസായികളുടേയും രൂപത്തിൽ വന്നു. സാമ്പത്തിക വ്യവസ്ഥയിൽ പൂർണ്ണമായ അരാജകത്വം ആണ് നടമാടിയത്. പുത്തൻ മുതലാളിമാർ മുഴുവൻ സ്വത്തുക്കളും കൈപ്പിടിയിലാക്കി. ഖനനമേഖല പ്രത്യേകിച്ച് പെട്രോളിയം കൈക്കലാക്കിയവർ രാഷ്ട്രീയത്തിലും സ്വാധീനശക്തി ഉറപ്പിച്ചു. ആ പശ്ചാത്തലത്തിലാണ് റഷ്യൻ പ്രസിഡൻ്റ് പുതിന്റെ കിരാതമായ ഭരണം നിയന്ത്രിത ജനാധിപത്യമായി പൂർണ്ണ സേച്ഛാധിപത്യത്തിലേക്ക് വഴുതി വീണത്.
ജിലാസ് കാണാത്ത പുതിയ അവസ്ഥ
സോവിയറ്റ് റഷ്യയിൽ കമ്യൂണിസ്റ്റ് വ്യവസ്ഥിതി തകർന്നടിഞ്ഞ് ഒരു കിരാത മുതലാളിത്ത വ്യസ്ഥിതിയായെങ്കിൽ ചൈനയിൽ സ്ഥിതി വ്യത്യസ്തമാണ്. മാവോയുടെ മരണശേഷം ഡെംങ് സിയാവോ പിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗം മാവോയുടെ ഭാര്യയുൾപ്പെടെയുള്ള സമ്പൂർണ്ണ അധികാരം കൈയ്യിലാക്കിയ വിഭാഗത്തെ തടവിലാക്കുകയും അധികാരം പിടിക്കുകയും ചെയ്തു. എന്നാൽ ചൈനീസ് മിലിട്ടറി കമ്മീഷന്റെ ചെയർമാനായ ഡെംങ് ചൈനയെ കമ്യൂണിസ്റ്റ് ഭരണസംവിധാനം ഉപേക്ഷിക്കാതെ തന്നെ പരിഷ്കരണ സാമ്പത്തിക നയങ്ങളെന്ന് പറഞ്ഞ് മുതലാളിത്ത വികസന നയങ്ങൾ ഒന്നൊന്നായി നടപ്പാക്കി.
ചൈനീസ് മിലിട്ടറി കമ്മീഷൻ ചെയർമാനായ ഡെംങ് സിയാവോ പിംങ് സ്വകാര്യവല്കരണത്തിന്റെ പാത തുറന്നിട്ടു. തല്ഫലമായി യൂറോ - അമേരിക്കൻ വിദേശ മൂലധനം ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ വൻതോതിൽ ചൈനയിലേക്കൊഴുകി. ആ ലാഭം ഡെംങിനേയും പ്രലോഭിപ്പിച്ചു. അദ്ദേഹത്തിൻ്റെ പുത്രൻ മിലിട്ടറി വ്യവസായങ്ങളിൽ വൻ നിക്ഷേപം നടത്തുകയും ലാഭമുണ്ടാക്കുകയും ചെയ്തു. 1980 കളിലും 1990 കളിലും അതെല്ലാം കടുകുമണി വാർത്തകൾ പോലെ വന്നിരുന്നുവെങ്കിൽ ഇന്നതിന്റെ കുറേക്കൂടി വിവരങ്ങൾ ലഭ്യമാണ്. വല്ലപ്പോഴും വരുന്ന ചെറുകിട മുതൽമുടക്കിൽ വൻകിട മുതലാളിമാരാകുന്ന ഏതാനും വ്യക്തികളുടെ പൊലിപ്പിച്ച കഥകളല്ലാതെ പാർട്ടി സ്ഥാനത്തിലൂടെ യുദ്ധസന്നാഹ വ്യവസായത്തിലും ഖനനമേഖലയിലും നിക്ഷേപിച്ച് ലാഭം കൊയ്യുന്ന വൻ മുതലാളിമാരുടെ വാർത്തകൾ അധികം വരാറില്ല. എന്നാലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏതെല്ലാം നേതാക്കൾക്ക് എവിടെയെല്ലാം നിക്ഷേപങ്ങളുണ്ടെന്ന കൃത്യമായ വിവരം ഇന്നും അടഞ്ഞ കമ്യൂണിസ്റ്റ് വ്യവസ്ഥിതി സൂക്ഷിക്കുന്ന ചൈനയിൽ ജനങ്ങൾക്ക് ലഭ്യമല്ല. ഇക്വഡോർ, അർജൻറീന, സെർബിയ, കോംഗോ, സാംബിയ, സിംബാംവെ, നമീബിയ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ഇന്തോനേഷ്യ, പാപുവന്യൂഗിനി എന്നീ രാജ്യങ്ങളിലെല്ലാം ചൈനയുടെ നിക്ഷേപങ്ങൾ ഖനനമേഖലയിലുണ്ട്. കമ്യൂണിസ്റ്റുകൾ അല്പ്പം കൂടുതൽ കാലം അധികാരത്തിലിരുന്നാൽ ചോദ്യം ചെയ്യാനാകത്തതും താഴെത്തട്ടിലുള്ളവർക്ക് അറിയുവാൻ അവകാശമില്ലാത്തതുമായ അടഞ്ഞ പാർട്ടി സംവിധാനത്തിൽ അഴിമതി ഒരു ദുർഭൂതം കണക്കെ സമൂഹത്തെ കീഴടക്കും. അതുമുണ്ടാക്കുന്ന അസമത്വം ജനങ്ങൾക്ക് അറിയുവാൻ പോലും മാർഗ്ഗമില്ലാത്തതിനാൽ ജനങ്ങളുടെ അസംതൃപ്തി ഭീകരമായി വളർന്ന് രാഷ്ട്ര സംവിധാനത്തെ തന്നെ തകർക്കും. മുതലാളിത്തവും കമ്യൂണിസവും അറിയാനുള്ള അവകാശം ചവിട്ടിമെതിക്കുന്ന അല്ലെങ്കിൽ ജനങ്ങളുടെ മുമ്പിൽ അറിയിക്കാതെയിരിക്കുന്നത് എത്രമാത്രം സാദൃശ്യപ്പെടുന്നു എന്ന സംഗതി നമുക്ക് കാണാവുന്നതാണ്.
സി പി ഐ എംന്റെ പതനവും സമൂഹത്തിന്റെ പുതിയ രൂപപ്പെടലും
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്കരണം നടപ്പാക്കിയത് ഏറ്റവും പുരോഗമനപരമായി ചിത്രീകരിക്കപ്പെട്ടെങ്കിലും സ്വാതന്ത്ര്യപൂർവ്വ കോൺഗ്രസിന്റെ പ്രത്യേകിച്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിപാടിയായിരുന്നെന്ന് ബോധമുണ്ടായിരുന്നു. 1980 ലെ നായനാർ സർക്കാർ വരെ കമ്യൂണിസ്റ്റുകൾ ഇൻഡ്യയിൽ ഭരണം പിടിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. 1987 ലെ നായനാർ സർക്കാർ അധികാരത്തിൽ വന്നത് പരിവർത്തനത്തിന്റെ പതാക വഹിച്ചുകൊണ്ടാണ്. എന്നാൽ ഭരണം പകുതിയാകുന്നതിന് മുമ്പ് പാർട്ടിയും അണികളും ദിശാബോധം നഷ്ടപ്പെട്ടവരെപ്പോലെയായി. എന്നാൽ അമേരിക്കയുടെ ഇറാക്ക് ആക്രമണം അവരെ പ്രചണ്ഡമായ അമേരിക്കൻ വിരുദ്ധ പ്രചാരണം നടത്തുവാനും അത് പുതുതായി വന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ നേട്ടമുണ്ടാക്കുന്നതിനും അവർക്ക് കഴിഞ്ഞു. എന്നാൽ അതിനുശേഷം പിന്നാലെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്തി. പിന്നീടുള്ള കാലഘട്ടങ്ങളിൽ സി പി ഐ എം ഭരണത്തിലിരിക്കുമ്പോൾ തങ്ങൾ ഭരണത്തിൽ വന്ന് സോഷ്യലിസ്റ്റ് പരിപാടി നടപ്പാക്കാനല്ലെന്നും മുതലാളിത്ത വ്യവസ്ഥയിൽ അതിന്റെ പരിമിതികളോടെ ഭരിക്കാനെണെന്നും പറയുകയും വിശ്വസിക്കുകയും ചെയ്തു.
1991 ലെ ആഗോളവല്കരണ നയങ്ങൾ പൊതുവെ യാഥാർത്ഥ്യമാണെന്നും വിദേശ മുതലാളിത്ത മൂലധനവുമായി കൂട്ടുചേരുന്നത് സ്വാഭാവികമാണെന്നും സിപിഐഎം ന്റെ രേഖകളിൽ അംഗീകരിച്ചു കഴിഞ്ഞു. മുതലാളിത്ത വികസനത്തിന്റെ മുഖ്യ ചാലകശക്തി ഖനനമാണെന്ന കിഷൻ പട്നായിക്കിന്റെ വിശകലനം കമ്യൂണിസ്റ്റുകൾ നാളിതുവരെ അംഗീകരിച്ചിട്ടില്ല. അതിനാൽ അവർ ഖനനസംബന്ധമായി ഒരു സിദ്ധാന്തം ആവിഷ്കരിച്ചിട്ടുമില്ല. ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരെ കോൺഗ്രസ് മറ്റ് ഭരണപാർട്ടികൾ ഇപ്പോൾ ബി ജെ പി എന്നിവരെപ്പോലെ വൻതുകയുടെ മൂലധന നിക്ഷേപം നടത്തികൊടുക്കുന്ന വലിയ അഴിമതിക്കാരാക്കി മാറ്റി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ചിദംബരം മകന് നേടിക്കൊടുത്ത സമ്പത്ത് വിവാദമാകുകയുണ്ടായി. ഡിസ്ഇൻവെസ്റ്റ്മെൻറ് അഥവ സ്വകാര്യവല്കരണം എന്ന പേരിൽ പൊതുമുതൽ കൊള്ളയടിക്കുന്നത് വ്യാപകമായിരുന്നു. ബി ജെ പി യുടെ മോദി ഭരണത്തിലും അത് കൂടുതൽ വിപുലമാക്കി. പൊതുമേഖലാസ്ഥാപനങ്ങൾക്കുപുറമെ വനം, കടൽ, ഖനന പ്രദേശം, ശുദ്ധജല സമ്പത്ത് തുടങ്ങിയ എല്ലാ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുവാൻ ഒത്താശചെയ്തുകൊണ്ട് വൻകൊള്ള അരങ്ങേറുന്നു. അഡാനി തുറമുഖം വിമാനത്താവളം എല്ലാം ആ കൊളളയുടെ ഭാഗമാണ്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയായാലും പിണറായി വിജയനായാലും നടപ്പിലാക്കുന്നത് അഡാനിക്ക് ഭേദമില്ല. സി പി ഐ എം ന്റെ പ്രവർത്തകർക്ക് മാത്രമായി അത് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്.
ലോകമൊട്ടുക്കും മുതലാളിത്തമായാലും ജനാധിപത്യത്തിന്റെ പുറന്തോടണിഞ്ഞ ചട്ടക്കൂട്ടിലായാലും നിയന്ത്രിത ജനാധിപത്യമായാലും കമ്യൂണിസത്തിന്റെ ചട്ടക്കൂട്ടിലായാലും ആഗോള മുതലാളിത്ത നിക്ഷേപവും കമ്പനികളും ആണ് ഇന്ന് ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ച് നിയമനം ചെയ്യുന്നത്. അത്തരം ഏർപ്പാടുകളുടെ കളളപ്പണം നേതാക്കളുടെ സ്വകാര്യ സമ്പാദ്യത്തിലേക്കായാലും രാഷ്ട്രീയനടത്തിപ്പിന് കക്ഷികൾക്കായാലും ചെലവാക്കുമ്പോൾ അത് അവിഹിതമായ സ്വാധീനത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ന് വലിയ കമ്പനികളുടെ കള്ളപ്പണം ഏതെങ്കിലും ഒരു സംഗതിക്ക് വാങ്ങുന്നതിനേക്കാൾ നയം വഴി തിരിക്കുകയും ഇല്ലാതാക്കുകയും പുതുതായി നയം കമ്പനികൾക്ക് സൗകര്യപ്രദമായി ഉണ്ടാക്കുകയും ചെയ്യുന്ന കാലമാണ്. വ്യക്തിപരമായി സമ്പാദിക്കാത്ത 'ആദർശവാദികളായി' തോന്നുന്നവരും അവിഹിതമായി രാഷ്ട്രീയപ്രവർത്തനത്തിന് പണം സ്വരൂപിക്കുമ്പോൾ പ്രതിലോമകാരികളാകുന്ന വിചിത്രവും വൈരുദ്ധ്യവുമായ ഒരവസ്ഥയാണത്. അത് നിലവിലുളള രാഷ്ട്രീയ സംസ്ക്കാരത്തെ തിരസ്കരിച്ച് ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തെ സ്വീകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. പുതിയ രാഷ്ട്രീയ സംസ്കാരവും ശീലങ്ങളും പുതിയ രാഷ്ട്രീയ - സാമ്പത്തിക ചിന്തകളുടെ അനിവാര്യമായ ആധാരമായി തീരുന്നു.
കോർപ്പറേറ്റ് രാഷ്ട്രീയ സാമ്പത്തികത്തിൽ ജനങ്ങൾ വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുകയും കാർഷിക, പരമ്പരാഗത, ഗ്രാമീണ മേഖലകളിൽ പണിയെടുക്കുന്നവർ കൊഴിഞ്ഞുപോകുവാൻ നിർബന്ധിതരാകുകയും ചെയ്യും. കോടിക്കണക്കിന് യുവതീയുവാക്കൾ തൊഴിലില്ലാത്തവരായിത്തീരുന്നതും ഗ്രാമങ്ങൾ ഇല്ലാതായി വൻ നഗരങ്ങൾ ജനങ്ങളുടെ അധിവാസ കേന്ദ്രങ്ങളാകുന്നതും അതിന്റെ സ്വാഭാവിക പരിണതിയാണ്. മെട്രോ റെയിൽ, അതിവേഗ പാത, സൂപ്പർ ഹൈവേ, സ്മാർട്ട് സിറ്റി തുടങ്ങിയ വൻ നിക്ഷേപങ്ങൾ എല്ലാം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് അവകാശപ്പെട്ടും തോന്നിപ്പിച്ചും നടപ്പിലാക്കി ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേ ഉളളൂ. സ്വാകാര്യമായാലും സർക്കാർ ഉടമസ്ഥതയിലായാലും അഴിമതി പെറ്റുപെരുകുന്നത് ആ പശ്ചാത്തലത്തിൽ നോക്കികാണുവാനും സമീപിക്കുവാനും നിലപാടുകൾ ഉയർത്താനും കഴിയുമ്പോഴേ നമുക്ക് നല്ല സമൂഹത്തിലേക്ക് നീങ്ങുവാൻ കഴിയൂ. സമത്വവും സ്വാതന്ത്യവും അവിഭാജ്യമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ അതു സാധ്യമാകൂ




