
ചെങ്ങന്നൂര്‍: ശബരിമല യുവതീപ്രവേശന സമരകാലത്ത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരിക്കെ താന്‍ നടത്തിയ 'സുവര്‍ണാവസരം' എന്ന പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ചുമത്തിയ കേസ് ആറു വര്‍ഷത്തിനുശേഷം ഹൈക്കോടതി റദ്ദാക്കി. നിയമപോരാട്ടത്തിനൊടുവില്‍ തനിക്ക് അനുകൂലമായി വിധി വന്നുവെന്നും കേസ് രാഷ്ട്രീയമായി വിവിധ പാര്‍ട്ടികള്‍ക്ക് ഗുണകരമായെന്നും അഡ്വ. പി.എസ്. ശ്രീധരന് പിള്ള വെളിപ്പെടുത്തി.
താന്‍ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും മാതാവ് പി. ഭവാനിയമ്മയുടെ 95-ാം ജന്മദിനാഘോഷവും പ്രമാണിച്ച് നടന്ന സമ്മേളത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസ് വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുന്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയെക്കുറിച്ച് നടത്തിയ 'കുന്തം കുടചക്രം' എന്ന വിവാദ പരാമര്‍ശവും താന്‍ നടത്തിയ പരാമര്‍ശവും ഒരേ വഴിക്കാണ് നീങ്ങിയതെന്നും സമാനമായ രീതിയിലാണ് അവ അവസാനിച്ചതെന്നും ശ്രീധരന് പിള്ള പറഞ്ഞു. രണ്ട് സംഭവങ്ങളും നിയമപരിശോധനയ്ക്കു വിധേയമായശേഷം നീതിപീഠത്തിന്റെ ഇടപെടലിന് വഴിവച്ചു.ദീര്‍ഘകാലം നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ ആശ്വാസകരമായ വിധി വന്നതിന്റെ സന്തോഷം പങ്കുവച്ചാണ് അദ്ദേഹം മറുപടി പ്രസംഗം അവസാനിപ്പിച്ചത്.






