
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി. രാജീവ്. കരാറിലെ വ്യവസ്ഥകളല്ല ഇപ്പോഴുള്ള തർക്കവിഷയമെന്നും, ഓഹരി കൈമാറ്റത്തിന് മുമ്പ് ആവശ്യമായ മുൻകൂർ അനുമതി നേടിയിരുന്നോയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതെന്നും, അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേരുന്ന സമീപനം സ്വീകരിക്കണമെന്നും പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ദേശാഭിമാനി മാത്രം വായിക്കുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും, എന്നാൽ ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് പാർട്ടി മുഖപത്രത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവങ്ങളിലാണ് ദുരൂഹതയെന്നും, മുഖ്യമന്ത്രി ഉന്നയിക്കുന്ന വാദങ്ങൾ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്നും പി. രാജീവ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ ശരീരഭാഷയും പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തയിൽ ദേശാഭിമാനിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. ദേശാഭിമാനിക്ക് പിഴവ് സംഭവിച്ചെന്നും, അത്തരമൊരു വാർത്ത പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പത്രത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ സാഹചര്യമാണിതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.






