
വാന്‍കൂവര്‍: ഫുട്ബോള്‍ ലോകകപ്പ് ജി ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നിലംപരിശാക്കി ബെല്‍ജിയം. പന്തടക്കത്തില്‍ ന്യൂസിലന്‍ഡ് (46 %) ഏറെക്കുറെ ഒപ്പമായിരുന്നെങ്കിലും ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ നിലതെറ്റി.
തുടക്കം മുതല്‍ ബെല്‍ജിയം കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഹൈഡ്രേഷന് ബ്രേക്കിലേക്ക് കടക്കും മുമ്പ് തന്നെ ബെല്‍ജിയം മുന്നേറ്റ നിര പലവട്ടം ന്യൂസിലന്‍ഡിന്റെ പോസ്റ്റില്‍ കയറിയിറങ്ങി. 11-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൗസാഡ് ബോക്സിനകത്തുവച്ച് തൊടുത്ത ഷോട്ട് ഗോളാണെന്നുറപ്പിച്ചതാണ്. ന്യൂസിലന്‍ഡിന്റെ ഭാഗ്യത്തിന് പന്ത് അകന്നു പോയി. 19-ാം മിനിറ്റില്‍ ട്രൗസാഡ് തൊടുത്ത ഷോട്ട് ബോക്സിനകത്തുവച്ച് ഫിന് സര്‍മാന്റെ കൈയില്‍ തട്ടി. വാര് പരിശോധനയില്‍ പെനാല്‍റ്റി തള്ളി. 28-ാം മിനിറ്റില്‍ ട്രൗസാഡിന്റെ ആദ്യ ഗോളെത്തി.
ഒരു കോര്‍ണര്‍ കിക്കിനു പിന്നാലെ ന്യൂസിലന്‍ഡ് പോസ്റ്റിന് മുന്നിലുണ്ടായ കൂട്ടപ്പൊരിച്ചില്‍ ലിയാന്‍ഡ്രോ മുതലാക്കി. പന്ത് ക്ലിയര്‍ ചെയ്യാന്‍ ഡിഫന്‍ഡര്‍മാര്‍ ശ്രമിക്കുന്നതിനിടെ പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ബെല്‍ജിയം താരം ഗോള്‍ കീപ്പര്‍ മാക്സ് ക്രോകോംബെയുടെ കാലുകള്‍ക്കിടയിലൂടെ വലയിലാക്കി. ബെല്‍ജിയം ഒന്നാം പകുതി നിയന്ത്രിച്ചപ്പോള്‍ നാലു ഷോട്ടുകളാണ് ന്യൂസിലന്‍ഡ് പോസ്റ്റിലേക്ക് തൊടുത്തത്. ന്യൂസിലന്‍ഡിന് പോസ്റ്റിലേക്കു ഷോട്ടുകള്‍ പായിക്കാനുമായില്ല. ബെല്‍ജിയം പടയെ ബോക്സിലേക്കു കയറാതെ തടുക്കുകയായിരുന്നു അവരുടെ പ്രധാന ജോലി. ന്യൂസിലന്‍ഡ് കോച്ച് ഡാരന്‍ ബ്രാസ്ലി ഒരുക്കിയ 4-2-3-1 ഫോര്മേഷന് മുന്നേറ്റങ്ങള്‍ തടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. ബെല്‍ജിയം കോച്ച് റൂഡി ഗാഴ്സിയയും 4-2-3-1 ഫോര്‍മേഷനിലാണു താല്പര്യപ്പെട്ടത്.
രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ രണ്ടാം ഗോളെത്തി. ബോക്സിന് പുറത്തുനിന്നു ബെല്‍ജിയം താരങ്ങള്‍ നല്കിയ പാസുകള്‍ക്കൊടുവില്‍ പന്ത് ട്രൗസാഡിന്റെ കാലുകളില്‍. താരം പോസ്റ്റിലേക്ക് പന്ത് തൊടുത്തെങ്കിലും ന്യൂസിലന്‍ഡ് ഡിഫന്‍ഡര്‍മാര്‍ തടുത്തു. റീ ബൗണ്ടിനെ മനോഹരമായ വോളിയിലൂടെ ട്രൗസാഡ് തന്നെ വലയിലാക്കി. 54-ാം മിനിറ്റില്‍ ന്യൂസിലന്‍ഡിന്റെ ഗോള്‍ ശ്രമം. ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്ട്ടോസിസിനെ മറികടക്കാന്‍ അവര്‍ക്കായില്ല.
66-ാം മിനിറ്റില്‍ കെവിന് ഡി ബ്രൂയിന് വീണ്ടും ന്യൂസിലന്‍ഡ് വലയില്‍ പന്തെത്തിച്ചു. ബോക്സിന് പുറത്തുനിന്ന് ന്യൂസിലന്‍ഡ് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഡി ബ്രൂയിന് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലൂടെ അകത്ത്്. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ ന്യൂസിലന്‍ഡ് അക്കൗണ്ട് തുറന്നു.
ന്യൂസിലന്‍ഡ് എടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിന് മുന്നില്‍നിന്ന് റീബൗണ്ട് ചെയ്ത് പുറത്തേക്ക് തെറിച്ചു. പന്ത് കിട്ടിയ എലിയ്യ ജസ്റ്റിന്റെ ലോങ് റേഞ്ച് കോര്ട്ടോസിസിനെ ഇക്കുറി മറികടന്നു വലയിലേക്ക്്. ന്യൂസിലന്‍ഡ് ആഘോഷിച്ച് തീര്‍ന്ന മിനിറ്റില്‍ അടുത്ത ഗോളെത്തി. 86-ാം മിനിറ്റില്‍ വെറ്ററന്‍ താരം റൊമേലു ലുകാകു നാലാം ഗോളടിച്ചു. ലോകകപ്പില്‍ ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണു ലുകാകു. ഇതുവരെ ആറ് ഗോളകളാണ് ലുകാകു കുറിച്ചത്്. മാര്‍ക് വില്മോടിനെയാണു 33 വയസുകാരനായ ലുകാകു മറികടന്നത്. വലതു വിങ്ങില്‍നിന്നു നിക്കോളാസ് റാസ്കിന്റെ ക്രോസ് ലുകാകു ഹെഡറിലൂടെ ഗോളാക്കി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡിലാണ് അഞ്ചാം ഗോള്‍ വീണത്. ബോക്സില്‍നിന്ന് അലക്സിസ് സലേക്കര്‍ തൊടുത്ത ഷോട്ട് വല കുലുക്കി.




