
വിക്ടോറിയ: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെഷെൽസിന്റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' പുരസ്കാരം സമ്മാനിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെഷെൽസിൽ എത്തിയ പ്രധാനമന്ത്രിക്ക്, തലസ്ഥാനമായ വിക്ടോറിയയിലെ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വെച്ച് സെഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയാണ് ഈ ബഹുമതി നൽകി ആദരിച്ചത്.
ഹരിത വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും സുസ്ഥിരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും മോദി നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. ലഭിച്ച വലിയ ബഹുമതിക്ക് സെഷെൽസ് സർക്കാരിനും ജനങ്ങൾക്കും പ്രസിഡന്റിനും നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ പുരസ്കാരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന എല്ലാ രാജ്യങ്ങൾക്കുമായി സമർപ്പിക്കുന്നതായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വരും തലമുറകളോടുള്ള ഉത്തരവാദിത്തമായി കണ്ട് പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന രാജ്യങ്ങൾക്കുള്ള അംഗീകാരമാണിതെന്നും, ഭൂമിയെ കൂടുതൽ പച്ചപ്പുള്ളതാക്കാൻ അന്താരാഷ്ട്ര സോളാർ അലയൻസ് ഉൾപ്പെടെയുള്ള ആഗോള ശ്രമങ്ങളുമായി ഇന്ത്യ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്', എഫ്എഒയുടെ 'അഗ്രികോള മെഡൽ' എന്നിവയ്ക്ക് ശേഷം പരിസ്ഥിതി-സുസ്ഥിര വികസന മേഖലകളിൽ മോദിക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന ആഗോള ബഹുമതിയാണിത്. പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി നടത്തിയ ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധം, സമുദ്ര സുരക്ഷ, വികസനം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി.
ഇന്ത്യ-സെഷെൽസ് നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷിക വേളയിലാണ് ഈ സുപ്രധാന സന്ദർശനം നടക്കുന്നത്. തിങ്കളാഴ്ച സെഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി, അവിടുത്തെ നാഷണൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇൻഡ്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 'മഹാസാഗർ' നയത്തിൽ സെഷെൽസ് അതീവ തന്ത്രപ്രധാന പങ്കാളിയാണ്.






