
തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലമാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് കെഎസ്ഇബി അറിയിച്ചു.
രാത്രി ഏഴ് മുതൽ എട്ട് വരെ 514 മെഗാവാട്ടും, എട്ട് മുതൽ ഒമ്പത് വരെ 622 മെഗാവാട്ടും, ഒമ്പത് മുതൽ പത്ത് വരെ 580 മെഗാവാട്ടും, പത്ത് മുതൽ പതിനൊന്ന് വരെ 588 മെഗാവാട്ടും, പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ 578 മെഗാവാട്ടും, പന്ത്രണ്ട് മുതൽ ഒരു മണി വരെ 250 മെഗാവാട്ടും വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ കുറവ് പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്നലെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ കെഎസ്ഇബിയുടെ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം 17.32 ദശലക്ഷം യൂണിറ്റായി. ആകെ ഉപഭോഗത്തിന്റെ 19.9 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപാദനത്തിലൂടെ ലഭിച്ചത്. നിയന്ത്രണങ്ങൾ നിലനിന്നിരുന്നിട്ടും രാത്രി 7.20-ന് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 4,635 മെഗാവാട്ടായി ഉയർന്നു. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്.
കാലവർഷം ദുർബലമായതിനെ തുടർന്ന് കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച നീരൊഴുക്കിന്റെ 58 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി വിശദീകരിച്ചു.






