
മൂന്നാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നാളെ മൂന്നാറില്‍ അന്തര്‍സംസ്ഥാന ചര്‍ച്ച നടക്കും. ജലവിഭവ സംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് പ്രതാപ് റൂഡി എംപിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ജെബി മേത്തര്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി എന്നിവരും സമിതിയിലുണ്ട്.
തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന നിലപാട് നയപ്രഖ്യാപനത്തിലൂടെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കാനുള്ള തീരുമാനവും പിന്നീട് അത് പിന്‍വലിച്ചതും വിവാദമായിരുന്നു. ഈ സംഭവവികാസങ്ങള്‍ക്കിടെ ഇടുക്കി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗം ചേരുന്നത്.






