
ലോകകപ്പിന്റെ നോക്കൗട്ട് ചിത്രം തെളിഞ്ഞതോടെ ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള ഒമ്പത് ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പത്ത് ടീമുകളുമായി ടൂർണമെന്റിനെത്തിയ ആഫ്രിക്കയിൽ നിന്ന് മൊറോക്കോ, ഈജിപ്ത്, സെനഗൽ, അൾജീരിയ, കേപ് വർദെ, ഘാന, ഐവറി കോസ്റ്റ്, കോംഗോ, സൗത്ത് ആഫ്രിക്ക എന്നിവരാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ടുണീഷ്യ മാത്രമാണ് അടുത്ത ഘട്ടത്തിലെത്താൻ സാധിക്കാതെ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ നിരവധി വമ്പൻ അട്ടിമറികൾ നടത്തിയ ആഫ്രിക്കൻ ടീമുകൾ ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ശക്തരായ ടീമുകളെ സമനിലയിൽ തളയ്ക്കുകയും ചെയ്തു. ഇനി ഇവരിൽ എത്ര ടീമുകൾ പ്രീ ക്വാർട്ടറിലെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലാറ്റിനമേരിക്കൻ ശക്തരായ ബ്രസീലിനെ ആദ്യ മത്സരത്തിൽ സമനിലയിൽ പിടിച്ചാണ് ഹക്കിമിയുടെ മൊറോക്കോ ടൂർണമെന്റിന് തുടക്കമിട്ടത്. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മൊറോക്കോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മൊറോക്കോയുടെ നോക്കൗട്ട് എതിരാളികൾ നെതർലൻഡ്സാണ്.
ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഈജിപ്ത് മുന്നേറിയത്. രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചെങ്കിലും ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ച പ്രകടനമാണ് ടീമിന് നിർണായകമായത്. നോക്കൗട്ടിൽ ഓസ്ട്രേലിയയാണ് എതിരാളികൾ.
ജർമനിയുടെ ഗ്രൂപ്പിൽ രണ്ട് ജയങ്ങളോടെ രണ്ടാം സ്ഥാനത്തെത്തി ഐവറി കോസ്റ്റും നോക്കൗട്ടിലേക്ക് കടന്നു. മുൻ ചാമ്പ്യൻമാരായ ജർമനിയോടാണ് ടീമിന്റെ ഏക തോൽവി. ഇക്വഡോറിനെയും കുറസോവോയെയും തോൽപ്പിച്ച ഐവറി കോസ്റ്റിന് ഇനി നോർവേയെയാണ് നേരിടാനുള്ളത്.
ഗ്രൂപ്പ് എയിൽ നിന്ന് നാല് പോയിന്റുമായി സൗത്ത് ആഫ്രിക്കയും നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും സ്വന്തമാക്കിയ ടീമിന്റെ അടുത്ത എതിരാളികൾ കാനഡയാണ്. ഗ്രൂപ്പ് ജേതാക്കളായി മെക്സിക്കോയാണ് അടുത്ത റൗണ്ടിലെത്തിയത്.






