
അറ്റ്ലാന്റ: എന്തൊരു വിസ്മയമായ പോരാട്ടമായിരുന്നു അത്. കളിയുടെ 79 ാം മിനിറ്റ് വരെ രണ്ടുഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ അടിച്ച് റഗുലര്ടൈമില് തന്നെ വിജയം പിടിച്ചെടുത്തു. അര്‍ജന്റീനയും ഈജിപ്തും തമ്മില്‍ നടന്ന ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്ന് മെസ്സിയും സംഘവും വിജയവുമായി പോയി.
ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിന്റെ ശക്തമായ വെല്ലുവിളിയെ രണ്ടാം പകുതിയിലെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ മറികടന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ റൗണ്ടില്‍ കേപ് വെര്‍ദെക്കെതിരെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിന് ശേഷം കഷ്ടിച്ച് രക്ഷപ്പെട്ട അര്‍ജന്റീന, ഇത്തവണയും കടുത്ത പരീക്ഷണമാണ് നേരിട്ടത്. യാസര്‍ ഇബ്രാഹിം, മോസ്തഫ സിങ്കോ എന്നിവരുടെ ഗോളുകളില്‍ ഈജിപ്ത് 2-0 ന് മുന്നിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന തോന്നലുണ്ടായി.
മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ മടക്കി. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം, ആദ്യ പകുതിയില്‍ പെനാല്‍റ്റി പാഴാക്കിയ ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ക്രോസില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോള്‍ അര്‍ജന്റീനയ്ക്ക് നാടകീയ വിജയം സമ്മാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
മുഹമ്മദ് സലാഹിനെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് തങ്ങള്‍ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചില്ലെന്ന് ഈജിപ്ത് താരങ്ങള്‍ വാദിച്ചതിന് തൊട്ടുപിന്നാലെയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ പിറന്നത്. ഇത് ഈജിപ്ഷ്യന്‍ ബെഞ്ചിനെ പ്രകോപിപ്പിച്ചു. ഈ ലോകകപ്പിന് മുന്‍പ് ഒരു മത്സരം പോലും ജയിച്ചിട്ടില്ലാത്ത ഈജിപ്ത്, മൂന്ന് വട്ട ലോക ചാമ്പ്യന്മാരെ അറ്റ്ലാന്റയില്‍ അട്ടിമറിക്കുന്നതിന് തൊട്ടരികിലെത്തിയാണ് കളം വിട്ടത്.
കളിയില്‍ ഈജിപ്ത് 15-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മര്വാന് അറ്റിയയുടെ ക്രോസില്‍ ലിസാന്‍ഡ്രോ മാര്ട്ടിനസിനേക്കാള് ഉയര്‍ന്നുചാടിയ യാസര്‍ ഇബ്രാഹിം പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ പെനാല്‍റ്റി ബോക്സില്‍ ഹെയ്സെം ഹസ്സന് വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും മെസ്സിക്ക് അത് ഗോളാക്കാനായില്ല. ഈജിപ്ത് ഗോള്‍കീപ്പര്‍ മോസ്തഫ ഷൊബൈര്‍ മെസ്സിയുടെ ഷോട്ട് തടുത്തിട്ടു. ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരായ മത്സരത്തിലും മെസ്സി ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. ആദ്യ പകുതിയില്‍ അലക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരുടെ ഗോള്‍ ശ്രമങ്ങളും ഷൊബൈര്‍ തടഞ്ഞു.
രണ്ടാം പകുതിയില്‍ ഈജിപ്തിന്റെ സിങ്കോ അടിച്ച ഒരു ഗോള്‍ വിഎആര്‍ റദ്ദാക്കിയെങ്കിലും, വൈകാതെ തന്നെ ഹസ്സന്റെ പാസില്‍ നിന്ന് സിങ്കോ ഈജിപ്തിന്റെ രണ്ടാം ഗോള്‍ നേടി. അര്‍ജന്റീന തോല്‍വി മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. എന്നാല്‍ 79-ാം മിനിറ്റില്‍ റൊമേറോയുടെ ഹെഡ്ഡര്‍ അര്‍ജന്റീനയ്ക്ക് ജീവന് നല്കി. തുടര്‍ന്ന് മെസ്സി തന്റെ 21-ാം ലോകകപ്പ് ഗോളിലൂടെ ടീമിനെ സമനിലയിലെത്തിച്ചു. ഒടുവില്‍ ലോകകപ്പ് ചരിത്രത്തിലെ മൂവായിരമെന്ന നാഴികക്കല്ല് പിന്നിട്ട ഗോളിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ ഇതിഹാസ തിരിച്ചുവരവ് പൂര്‍ത്തിയാക്കി.
ലയണല്‍ മെസ്സിയും മുഹമ്മദ് സലാഹും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഈ മത്സരം വിലയിരുത്തപ്പെട്ടത്. കളിയിലുടനീളം മികച്ച പ്രകടനമാണ് ഈജിപ്ത് പുറത്തെടുത്തത്. സലാഹും ഹസ്സനും ചേര്‍ന്നുള്ള കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സിങ്കോ നേടിയ ഗോള്‍ ഓഫ്സൈഡ് വിളിച്ചതിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സലാഹിനെ അല്‍വാരസ് ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി നല്‍കാത്തതിലും ഈജിപ്ത് ക്യാമ്പ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റെഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയര്‍ കളി തുടരാന്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.




