
ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ നാടകീയ വിജയത്തിന് പിന്നാലെ ഉയർന്ന ഒത്തുകളി ആരോപണങ്ങൾ ശമിക്കാനുമുമ്പ് ഫിഫയുടെ പുതിയ തീരുമാനം വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചു. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനലിന് മുഴുവൻ അർജന്റീനക്കാരടങ്ങിയ റഫറിയിങ് പാനലിനെ നിയമിച്ചതാണ് ചർച്ചകൾക്ക് കാരണമായത്.
ഈ ലോകകപ്പിലെ 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരേ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അർജന്റീനയുടെ പ്രധാന എതിരാളികളായിരുന്ന ഫ്രാൻസിന്റെ മത്സരത്തിന് അർജന്റീനൻ റഫറിമാരെ മാത്രം നിയോഗിച്ചതിനെതിരെ ആരാധകർ ശക്തമായി രംഗത്തെത്തി. തീരുമാനം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അർജന്റീനയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കമാണിതെന്നാണ് വിമർശകർ ആരോപിക്കുന്നത്.





