
റിയാദ്: സൗദി കിഴക്കൻ പ്രിവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തുകയാണ് സജീം. ഇദ്ദേഹത്തിെൻറ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിെൻറ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു. പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പൊലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാർന്ന് സജീം മരിച്ചു.
നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ശ്രീലേഷിന്റെ ഏക സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരിച്ചത്. അനുജന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ തന്നെ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി.






![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F07%2F853607%2F02.jpeg&w=256&q=75)