
നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയായിരുന്നു ഗായികയുടെ ആശംസ. ഒന്നും നിര്ബന്ധിച്ചുണ്ടാക്കേണ്ടി വന്നിട്ടില്ലാത്ത, തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദത്തെക്കുറിച്ചാണ് സിത്താര കുറിച്ചിരിക്കുന്നത്.
"ഒരിക്കലും ഒന്നും നിര്ബന്ധിച്ചുണ്ടാക്കേണ്ടി വന്നിട്ടില്ലാത്ത, എന്റെ ജീവിതത്തിലെ വളരെ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. നമ്മള് തമ്മില്‍ കാണുന്നു, നമ്മള് ചിരിക്കുന്നു, എങ്ങനെയോ എല്ലാം അതിന്റെതായ വഴിക്ക് ഭംഗിയായി നടക്കുന്നു. നിന്റെ കൂടെയിരിക്കുന്നത് മാത്രം മതി എനിക്ക്. എന്റെയൊരു സമാധാന കേന്ദ്രമായിരിക്കുന്നതിനും, നമ്മള് ഒരിക്കലും പരസ്പരം വാക്കുകളാല്‍ പറയാതെ തന്നെ കൂടെയുണ്ടാകും എന്ന് തന്ന ആ ഉറപ്പിനും ഒത്തിരി നന്ദി. പിറന്നാള്‍ ആശംസകള്‍, ഐ ലവ് യു," എന്നായിരുന്നു സിതാരയുടെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ശാന്തി മായാദേവിക്ക് ആശംസകളുമായെത്തുന്നത്.
മലയാളികള്‍ക്ക് പ്രിയങ്കരിയായ പിന്നണി ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ സിത്താര നിരവധി തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.
അതേസമയം ദൃശ്യം 2,3 എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ആയി എത്തിയ ശാന്തി ദേവിയുടെ കഥാപാത്രം പ്രേക്ഷകര്‍ മറക്കാനിടയില്ല. നേരത്തെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് എന്ന ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ശാന്തി മായാദേവി.






