
ഇംഗ്ലണ്ടിലെ ഒരു ബീച്ചിൽ നടക്കാനിറങ്ങിയ 11 വയസ്സുകാരൻ ചാർലി ഓർചർഡ്-ലൈലിന് ലഭിച്ചത് അവിശ്വസനീയമായ ഒരു ചരിത്ര കണ്ടെത്തലായിരുന്നു. സഫോക്കിലെ ബൗഡ്സെയിലിലുള്ള ഈസ്റ്റ് ലെയ്ൻ ബീച്ചിലൂടെ നടക്കുമ്പോൾ, തിരമാലകൾക്കരികിൽ കിടക്കുന്ന വിചിത്രമായ ഒരു വസ്തു ചാർലിയും അമ്മയും ശ്രദ്ധിക്കുകയായിരുന്നു. ആനകളോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് അമ്മയോട് സംസാരിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ തന്നെ ഇങ്ങനെയൊരു കാഴ്ച കാണാൻ കഴിഞ്ഞത് വലിയൊരു അത്ഭുതമായാണ് അവർ കാണുന്നത്.
കൈപ്പത്തിയുടെ വലുപ്പമുള്ള ഈ വസ്തു എന്താണെന്ന് തിരിച്ചറിയാൻ കുടുംബം വിദഗ്ധരുടെ സഹായം തേടി. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്റോളജി ഗവേഷണ വിഭാഗം മേധാവി പ്രൊഫസർ അഡ്രിയാൻ ലിസ്റ്ററാണ് ഈ പല്ല് പരിശോധിച്ചത്. 8.5 ദശലക്ഷം മുതൽ രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന 'അനങ്കസ് അർവെർനെൻസിസ്' (Anancus arvernensis) എന്ന് വിളിക്കപ്പെടുന്ന, വംശനാശം സംഭവിച്ച ഒരിനം ആനയുടെ മുകൾഭാഗത്തെ ഇടത് മോണപ്പല്ലാണ് ഇതതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഏകദേശം നാല് ഇഞ്ച് വീതിയുള്ള ഈ പല്ല് വളരെ ഭദ്രമായാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 18 ലക്ഷം വർഷങ്ങളായി മണ്ണിനടിയിൽ കിടന്നിരുന്നതിനാൽ ഇതിന്റെ ഇനാമൽ ഭാഗം ധാതുവൽക്കരിക്കപ്പെട്ട അവസ്ഥയിലായിരുന്നു. സഫോക്ക് തീരത്തുള്ള ഫോസിലുകൾ നിറഞ്ഞ 'റെഡ് ക്രാഗ്' എന്ന ഭൂമിശാസ്ത്രപരമായ പാളിയിൽ നിന്നാണ് ഈ പല്ല് വന്നതെന്ന് വിദഗ്ധർ കരുതുന്നു. തീരപ്രദേശത്തെ സ്വാഭാവിക മണ്ണൊലിപ്പ് മൂലം മണ്ണിൽ നിന്ന് അടർന്നുമാറിയ പല്ല് തിരമാലകളിലൂടെ ബീച്ചിൽ എത്തിച്ചേർന്നതാണെന്നാണ് അനുമാനം.
ചെറിയ പ്രായത്തിൽ തന്നെ ഇത്തരം വലിയൊരു ചരിത്രശേഷിപ്പ് കണ്ടെത്താൻ കഴിഞ്ഞത് ചാർലിയെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമായിരുന്നു. ഇത്രയും കാലം പഴക്കമുള്ള ഒരു വസ്തു അപ്രതീക്ഷിതമായി കടൽതീരത്ത് നിന്ന് ലഭിച്ചത് വലിയ അത്ഭുതമായാണ് ചാർലിയുടെ അമ്മ എലനോർ വിശേഷിപ്പിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിന്റെ തീരപ്രദേശങ്ങൾക്ക് അടിയിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിന്റെ വലിയൊരു അടയാളമാണിതെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.






