
ഭവ്‌നഗർ: ഗുജറാത്തിലെ ഭവ്‌നഗർ ജില്ലയിൽ കന്നുകാലികൾക്ക് തീറ്റ നൽകുകയായിരുന്ന യുവാവ് സിംഹത്തിന്റെ പിടിയിൽ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ടു! പാലിതാന താലൂക്കിലെ ഗരാജിയ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു.
കാലുഭായ് ബൊഗാഭായ് പാർമർ എന്ന കന്നുകാലി വളർത്തുകാരനാണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്. വീടിന് സമീപം പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെയാണ് സിംഹം പെട്ടെന്ന് ചാടിവീണത്. ഇയാളെ രക്ഷിക്കാൻ ഗ്രാമവാസികൾ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ, സിംഹം യുവാവിന്റെ കാലുകളിൽ നഖങ്ങൾ ആഴ്ത്തിപ്പിടിക്കുകയും ഒരു കൈയിൽ കടിച്ചുപിടിച്ചിരിക്കുകയും ചെയ്യുന്നത് കാണാം. ചോരയൊലിപ്പിച്ച് ജീവനായി നിലവിളിക്കുന്ന യുവാവിനെ രക്ഷിക്കാൻ ഗ്രാമവാസികൾ ഒന്നടങ്കം ഓടിയെത്തുകയായിരുന്നു.
ആളുകൾ ബഹളം വെച്ചും കല്ലെറിഞ്ഞും വടികൾ ഉപയോഗിച്ചും സിംഹത്തെ തുരത്താൻ പരമാവധി ശ്രമിച്ചെങ്കിലും യുവാവിനെ വിട്ടയച്ചില്ല. ഏകദേശം 30 മിനിറ്റോളം സിംഹം യുവാവിനെ നിലത്തിട്ട് ആക്രമിച്ചു. ഒടുവിൽ കടുത്ത ശ്രമങ്ങൾക്കൊടുവിലാണ് ഗ്രാമവാസികൾക്ക് സിംഹത്തിന്റെ പിടിയിൽ നിന്ന് യുവാവിനെ മോചിപ്പിക്കാനായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പാലിതാന സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അവിടെ ചികിത്സയിലാണ്.യുവാവിനെ വിട്ടയച്ച ശേഷം സിംഹം സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിന് നേരെ തിരിഞ്ഞത് പ്രദേശത്ത് വീണ്ടും കടുത്ത ഭീതി പരത്തി.
സംഭവം നടന്ന് ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തിയില്ലെന്ന് ഇയാളുടെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗ്രാമങ്ങളിൽ സിംഹങ്ങളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കണമെന്നും, വന്യമൃഗ ആക്രമണമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






