
ഒരു വിദേശ യാത്ര പോകാൻ ഒരുങ്ങുമ്പോൾ ഏറ്റവും അത്യാവശ്യമായ രേഖയാണ് പാസ്പോർട്ട്. എന്നാൽ, വിമാനത്താവളത്തിൽ എത്തിയപ്പോൾ മകൾ പാസ്പോർട്ട് എടുക്കാൻ മറന്നുവെന്ന് മനസ്സിലാക്കിയ ഒരു അമ്മ സ്വീകരിച്ച വിചിത്രമായ തീരുമാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയൊരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. മകളെ പാതിവഴിയിൽ ഉപേക്ഷിച്ച്, താൻ മുൻകൂട്ടി നിശ്ചയിച്ച അവധിക്കാല യാത്ര ഒറ്റയ്ക്ക് തുടരാൻ തീരുമാനിച്ച ആ അമ്മയുടെ സമീപനമാണ് നെറ്റീസണ്‍സ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മകൾ തന്റെ പാസ്പോർട്ട് വീട്ടിൽ വെച്ചു മറന്ന കാര്യം തിരിച്ചറിയുന്നത്. യാത്ര റദ്ദാക്കി മകളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിന് പകരം, പ്ലാൻ ചെയ്തതുപോലെ തനിച്ചൊരു അവധിക്കാലം ആഘോഷിക്കാൻ അമ്മ തീരുമാനിക്കുകയായിരുന്നു. യാത്ര ഒറ്റയ്ക്ക് തുടരാനുള്ള അമ്മയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയർന്നത്. മകൾക്ക് ഉത്തരവാദിത്തം പഠിപ്പിച്ചു കൊടുക്കാനാണ് അമ്മ ഇത്തരമൊരു കടുപ്പമേറിയ നിലപാട് സ്വീകരിച്ചതെന്ന് ചിലർ വാദിക്കുമ്പോൾ, സ്വന്തം മകളെ വിമാനത്താവളത്തിൽ ഉപേക്ഷിക്കുന്നത് ക്രൂരതയാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
തന്നെ കുറ്റപ്പെടുത്തുന്നവർക്ക് മറുപടിയുമായി അമ്മയും രംഗത്തെത്തി. മകൾക്ക് ഉത്തരവാദിത്തബോധം വളർത്താനാണ് താൻ ഇങ്ങനെ ചെയ്തതെന്നും, മാസങ്ങൾക്ക് മുൻപേ പണമടച്ച് പ്ലാൻ ചെയ്ത യാത്ര പാഴാക്കാൻ താൻ ആഗ്രഹിച്ചില്ലെന്നുമാണ് അവരുടെ നിലപാട്. കുടുംബബന്ധങ്ങളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുമുള്ള വലിയൊരു ചർച്ചയ്ക്ക് തന്നെ ഈ സംഭവം കാരണമായിട്ടുണ്ട്.






