
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാകിസ്താൻ. സിന്ധു നദീജല കരാർ പ്രകാരം ഇസ്ലാമാബാദിന് അവകാശപ്പെട്ട ജലം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ "കൈകൾ വെട്ടിമാറ്റും" എന്നാണ് പാകിസ്താൻ മന്ത്രിയുടെ ഭീഷണി. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്.
പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്കാണ് വാർത്താ സമ്മേളനത്തിൽ ഇന്ത്യക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യ പാകിസ്താന്റെ ജലവിഹിതം "നിയന്ത്രിക്കാൻ" ശ്രമിക്കുകയാണെന്ന് ആരോപിച്ച മാലിക്, തങ്ങളുടെ വിഹിതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. "അയൽരാജ്യത്തെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് ആ പൈപ്പ് ഇരിക്കുന്നത്. പാകിസ്താനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്," മാലിക് പറഞ്ഞതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
പാകിസ്താനിലെ 40-50 ശതമാനം ജനങ്ങളും ജീവനമാർഗ്ഗത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. "മറ്റാരോ ഒരാൾ ഈ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 50 ശതമാനം തൊഴിൽ മേഖലയെയും 25 ശതമാനം സമ്പദ്വ്യവസ്ഥയെയും പൂർണ്ണമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്," അദ്ദേഹം ആരോപിച്ചു. തങ്ങളുടെ വെള്ളം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്താൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും മന്ത്രി അവകാശപ്പെട്ടു.
"പക്ഷേ ഇവിടെ നീതിയുടെ ഒരു ചോദ്യമുണ്ട്. ഞങ്ങൾ സ്വയം സംരക്ഷിക്കും... ഞങ്ങൾ ഇത് വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ ജലവിഹിതത്തിൽ ആരെങ്കിലും കൈവെച്ചാൽ ആ കൈ ഞങ്ങൾ വെട്ടിമാറ്റുമെന്ന് തെളിയിച്ചിട്ടുള്ളതുമാണ്," മാലിക് പറഞ്ഞു. ഒരു കരാറിന്റെ അഭാവത്തിൽ പോലും ലോകത്ത് മറ്റ് പലയിടങ്ങളിലും കൺവെൻഷനുകളുടെ അടിസ്ഥാനത്തിൽ നദീജലം ഒഴുകാറുണ്ടെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു.
ഇതേ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്വാവുള്ള തരാറും സിന്ധു കരാറിനെ ന്യായീകരിച്ചു സംസാരിച്ചു. ഈ കരാർ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഇത് ഏകപക്ഷീയമായി റദ്ദാക്കാനോ താൽക്കാലികമായി നിർത്താനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും തരാർ അവകാശപ്പെട്ടു. പാകിസ്താനിലെ ജനങ്ങൾക്ക് ഈ നദിയിലെ ജലം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും "വെള്ളം തങ്ങളുടെ ജീവരേഖയും അതോടൊപ്പം തന്നെ റെഡ് ലൈനും (മറികടക്കാൻ പാടില്ലാത്ത അതിര്) ആണ്" എന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും തരാർ കൂട്ടിച്ചേർത്തു.
1960-ൽ വേൾഡ് ബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ചരിത്രപ്രധാനമായ കരാറാണിത്. സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലം ഇരുരാജ്യങ്ങളും തമ്മിൽ എങ്ങനെ പങ്കിടണം എന്ന് ഈ കരാർ വ്യക്തമാക്കുന്നു. എന്നാൽ, കഴിഞ്ഞ വർഷം (2025) പഹൽഗാമിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക നിവാസിയും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഈ കരാർ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പാകിസ്താൻ തങ്ങളുടെ മണ്ണിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കുന്നതുവരെ ജലകരാറിലെ സഹകരണം പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ന്യൂഡൽഹി.






