
ചെന്നൈ: കേരളവും തമിഴ്നാടും സാധാരണ ബസ് യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ മത്സരിക്കുകയാണെന്ന് തോന്നും. കേരളത്തിൽ പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചപ്പോൾ തമിഴ്നാട് എസി ബസ് വിപ്ലവുമായി രംഗത്തുവന്നിരിക്കുന്നു. തമിഴ്നാട് സർക്കാർ ഇനി മുതൽ എയർ കണ്ടീഷൻഡ് (എസി) ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് സംസ്ഥാന ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു.
ജനങ്ങൾ കൂടുതൽ ദൂരങ്ങളിലേക്ക് സുഖകരമായി യാത്ര ചെയ്യണമെന്ന് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നതിനാലാണ് ഈ തീരുമാനം. തനിക്കും സാധാരണക്കാർക്കും ഒരുപോലെ സുഖകരമായി യാത്ര ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ എല്ലാ ബസുകളിലും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മന്ത്രി പറഞ്ഞു. ഭരണകക്ഷിയായ ടിവികെയുടെ നേതൃത്വത്തിൽ ഞായറാഴ്ച സേലത്ത് നടന്ന ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി. തമിഴ്നാട്ടിലെ ഏറ്റവും ഉൾഗ്രാമങ്ങളെപ്പോലും ബസ് നെറ്റ്വർക്ക് വഴി ബന്ധിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി വിജയ്യുടെ നിർദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ മുഖ്യമന്ത്രി വിജയ് ഒരു സർക്കാർ ബസിൽ യാത്ര ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി വാങ്ങുന്ന എല്ലാ ബസുകളിലും എസി സൗകര്യം ഉണ്ടായിരിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലുടനീളം സർവീസ് നടത്തുന്നതിനായി 300 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചത്. പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കാനും യാത്രാക്ലേശം കുറയ്ക്കാനുമുള്ള ടിവികെ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം






