
കവരത്തി: ഉന്നതവിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്‌മെന്റ് നടക്കാനിരിക്കെ ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ നാല് പ്രധാന ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ കോഴ്‌സുകളാണ് പ്രവേശന നടപടികൾക്ക് തൊട്ടുമുമ്പ് റദ്ദാക്കിയത്.
വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത ഉത്തരവ് ദ്വീപിലെ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ലക്ഷദ്വീപിലെ കോളജുകളിൽ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇതിനോടകം തന്നെ പരിമിതമാണെന്നും, പുതിയ തീരുമാനം വിദ്യാർത്ഥികളുടെ അവസരങ്ങളെ കൂടുതൽ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.






