
കല്‍പ്പറ്റ: 2024-ല്‍ കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്നുതന്നെ, കഴിഞ്ഞദിവസം വയനാടിനെ ഞെട്ടിച്ച് വീണ്ടുമൊരു വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നു. ഇത്തവണ ജലമര്‍ദം മൂലം കുന്നിടിഞ്ഞതിനൊപ്പം തുരങ്കപാത നിര്‍മാണക്കമ്പനി കള്ളാടി മീനാക്ഷിപ്പാലത്തിനു സമീപം കുന്നുകൂട്ടിയിട്ട നിര്‍മാണാവശിഷ്ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലായി കുതിച്ചെത്തുകയായിരുന്നു.
ഈ മനുഷ്യനിര്‍മിത ദുരന്തത്തില്‍ ഇതുവരെ മൂന്നുപേര്‍ മരിക്കുകയും ഏഴിലധികം ആളുകളെ കാണാതാവുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ അതീവ പരിസ്ഥിതിലോലമായ ഈ മേഖലയുടെ ഭൂമിശാസ്ത്രപരമായ ഘടന കഠിനമായ പാറകളും കട്ടികുറഞ്ഞ മണ്ണും നിറഞ്ഞതാണ്. കാലങ്ങളായി തുടരുന്ന വനനശീകരണവും വന്‍തോതിലുള്ള റിസോര്‍ട്ട് നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ തകര്‍ത്തു കഴിഞ്ഞു.
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണം 2020-ല്‍ വിഭാവനം ചെയ്യപ്പെട്ട്, 2025 ഓഗസ്റ്റില്‍ നിര്‍മാണമാരംഭിച്ച ഇരട്ടത്തുരങ്ക പദ്ധതിയാണ് ഇപ്പോള്‍ ചോദ്യമുനയിലായിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ അപകടസാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കപദ്ധതി ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെയാണു നടപ്പിലാക്കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ് മലനിരയുടെ ഭാഗമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മീനാക്ഷി പാലത്തില്‍നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് 2024-ല്‍ അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന പുഞ്ചിരിമട്ടം. കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പടുന്നതാണ് ഈ സ്ഥലവും. ജൈവവൈവിധ്യത്തിന് പ്രസിദ്ധമായ കാമല്‍ ഹമ്പ് മലനിരയിലുള്ള പ്രദേശങ്ങളില്‍ 1960 മുതല്‍ നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984-ലും 2019-ലും 2020-ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും പാതാറും പുഞ്ചിരിമട്ടത്തിന് ഏറെ അകലെയല്ല. 2019 ഓഗസ്റ്റ് എട്ടിന് ഉരുള്‍ദുരന്തമുണ്ടായ പുത്തുമല, മീനാക്ഷി പാലത്തിന്റെ സമീപപ്രദേശമാണ്.
വയനാടിനെ നടുക്കിയ ദുരന്തങ്ങളെയും പരിസ്ഥിതിസംഘടനകളുടെ എതിര്‍പ്പിനെയും അവഗണിച്ചാണ് കള്ളാടി-ആനക്കാംപൊയില്‍ ഇരട്ട തുരങ്കപാത പദ്ധതിയുമായി കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടുപോയത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് പദ്ധതിയുടെ പരിസ്ഥിതി അനുമതിയെന്നാണു പ്രകൃതിസംരക്ഷണ സമിതിയുടെ നിലപാട്. വയനാടിനെ ഇനിയും ദുരന്തഭൂമിയാക്കാന്‍ വിട്ടുകൊടുത്തുകൂടാ. ഇനി വേണ്ടത് പരിസ്ഥിതിയെയും മനുഷ്യനെയും ഒരുപോലെ പരിഗണിക്കുന്ന സുസ്ഥിരമായ വികസന നയങ്ങളാണ്.
കോഴിക്കോട്-വയനാട് യാത്രാക്ലേശം പരിഹരിക്കേണ്ടതും മലബാറിന്റെ സമഗ്രവികസനം നടപ്പാക്കേണ്ടതും അനിവാര്യമാണെങ്കിലും പശ്ചിമഘട്ടത്തിന്റെ അതിലോലമായ ഭൂപ്രകൃതിയെ മുറിവേല്‍പ്പിക്കാതെ, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ഏതു പദ്ധതിയുമായും മുന്നോട്ടുപോകാന്‍.






