
തിരുവനന്തപുരം: കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അങ്ങനെ ഒരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നോ അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥർക്കാണ്. അല്ലാത്ത യോഗങ്ങൾ ഒന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി അത് എങ്ങനെ മാറുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത്. ഓപ്പറേഷന് തൂഫാനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ഇതുവരെയും കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.
അതേസമയം ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എംപി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഷിബു എന്ന മുഹമ്മദ് റിസ ഗുണ്ടാ നേതാവ് പിടിയിലായി. എറണാകുളം മട്ടാഞ്ചേരിയിലെ ബാറില്‍ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്.
ഷിബു ചുറ്റിക കൊണ്ട് വയോധികനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനല്‍ പുലി നസീര്‍, ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാല്‍ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്.






